കൊല്ലം: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രം എന്ന ഖ്യാതിയുള്ളപ്പോഴും അതീവ അപകടമേഖലയെന്ന് മുന്നറിയിപ്പുള്ള കൊല്ലം ബീച്ചിൽ സുരക്ഷയൊരുക്കാൻ ഒരു കയർ പോലുമില്ലാത്ത സ്ഥിതി. കടൽ പ്രക്ഷുബ്ധമാകുമ്പോൾ വെള്ളത്തിൽ ആളുകൾ ഇറങ്ങാതിരിക്കാൻ ബീച്ചിൽ അപകടമേഖല കെട്ടിത്തിരിക്കാനുള്ള കയറും നാട്ടാനുള്ള ചുവപ്പൻ കൊടികളും തൂണും ഇതുവരെ ഡി.ടി.പി.സി അധികൃതർ എത്തിച്ചിട്ടില്ല.
തെക്കൻ കാലവർഷം സജീവമാകുമ്പോൾ അടിയൊഴുക്ക് ശക്തമായി കടൽ കൂടുതൽ അപകടമാകുന്ന ഘട്ടമായിട്ട് പോലും അധികൃതർ അവഗണന തുടരുകയാണ്. അപകട മുന്നറിയിപ്പ് നൽകി കെട്ടിത്തിരിക്കാത്ത ബീച്ചിൽ ഇറങ്ങിയ യുവാവാണ് വ്യാഴാഴ്ച രാത്രി 7.45ഓടെ തിരയിൽപെട്ട് മരിച്ചത്. രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ തീരത്ത് ഡ്യൂട്ടിയിലുള്ള ലൈഫ് ഗാർഡുമാരുടെ ജാഗ്രത കൊണ്ടുമാത്രമാണ് നിലവിലെ സ്ഥിതിയിൽ അത്യാഹിതങ്ങൾ ഒഴിവായിപ്പോകുന്നത്. എന്നാൽ, അവരുടെ ജോലിപോലും കഠിനമാക്കുന്നതാണ് സുരക്ഷ റോപ് കൊണ്ട് കെട്ടിത്തിരിക്കാത്ത ബീച്ച്.
വലിയ തിരക്കുള്ള വൈകുന്നേരങ്ങളിൽ വിസിലും ഊതി ലൈഫ് ഗാർഡ് ഓടിനടക്കുമ്പോൾ കുറച്ചുപേരെങ്കിലും കയർ കെട്ടിത്തിരിച്ചിക്കുന്നത് കണ്ട് അപകടമുണ്ടാകുമെന്ന ബോധ്യത്തിൽ കടലിൽ ഇറങ്ങാതെ ഇരിക്കും. എന്നാൽ, ഇപ്പോൾ ഒരുകിലോമീറ്ററോളം നീണ്ടുകിടക്കുന്ന ബീച്ചിൽ എവിടെയും ആളുകൾ കടലിൽ ഇറങ്ങുന്ന സ്ഥിതിയാണ്. അപകടസാധ്യത കണ്ട് ലൈഫ് ഗാർഡുമാർ യഥാസമയം ഇടപെടുന്നത് കാരണമാണ് അത്യാഹിതങ്ങൾ നീങ്ങിപ്പോകുന്നത്. എന്നാൽ, വ്യാഴാഴ്ച രാത്രി ലൈഫ് ഗാർഡുമാർ ഡ്യൂട്ടി പൂർത്തിയാക്കി പോയതിന് ശേഷമാണ് യുവാവ് സുഹൃത്തിനൊപ്പം ബീച്ചിൽ എത്തിയതും ഒറ്റക്ക് കടലിൽ ഇറങ്ങിയപ്പോൾ അപകടത്തിൽപെട്ടതും. ആ സമയത്ത് അപകടമുന്നറിയിപ്പുമായി ഒരു കയറെങ്കിലും അവിടെ കെട്ടിയിട്ടുണ്ടായിരുന്നെങ്കിൽ എന്ന് വിലപിക്കാനെ ഇനി കഴിയൂ.
ബീച്ചിൽ ആളുകൾ ഇറങ്ങാതെ വേർതിരിച്ച് കെട്ടാനുള്ള കയർ ഡി.ടി.പി.സി ആണ് ലൈഫ് ഗാർഡുമാർക്ക് എത്തിച്ചുനൽകുന്നത്. അന്തരീക്ഷത്തിലെയും വെള്ളത്തിലെയും ഉപ്പിന്റെ സാന്നിധ്യം കൊണ്ട് നശിക്കുന്നതും ബീച്ചിലെ കച്ചവടക്കാർ ഉൾപ്പെടെ മുറിച്ചുവിടുന്നതുമൊക്കെ കാരണം ഒരു കയർ രണ്ട് വർഷത്തോളമേ ഉപയോഗിക്കാൻ കഴിയൂ. കഴിഞ്ഞവർഷം ഉപയോഗിച്ചത് അതിന് മുൻ വർഷം വാങ്ങിയ കയർ ആണ്. അത് നശിച്ചതോടെ പുതിയ കയർ ആവശ്യമുണ്ടെന്ന് ലൈഫ് ഗാർഡുകൾ ഡി.ടി.പി.സിയെ അറിയിച്ചിരുന്നു. എന്നാൽ, കടൽ അതീവപ്രക്ഷുബ്ധമാകുന്നതും തീരം മണ്ണെടുത്ത് പോകുന്നതുമായ കാലവർഷ സമയം ആയിട്ടും ഒരു കയർ വാങ്ങാനുള്ള സമയം ടൂറിസം അധികൃതർക്ക് ഇതുവരെ കിട്ടിയിട്ടില്ല. കെട്ടിത്തിരിക്കുന്ന അവസ്ഥയിൽ പോലും ലൈഫ് ഗാർഡുമാരുടെ മുന്നറിയിപ്പ് അവഗണിച്ച് ആളുകൾ കടലിൽ ഇറങ്ങി അപകടം വരുത്തിവെക്കാറുണ്ട്. അപ്പോൾ കയർ കെട്ടാതിരിക്കുന്ന അവസ്ഥയിൽ പറയുകയും വേണ്ട.
കൊല്ലത്തിന്റെ ടൂറിസം മാപ്പിലെ പ്രധാന പോയന്റായ ബീച്ചിൽ ഡി.ടി.പി.സി ഇങ്ങനെ അവഗണന തുടരുന്നത് വലിയ അപകടങ്ങളിലേക്ക് നയിക്കുമെന്ന ഓർമപ്പെടുത്തലാണ് കഴിഞ്ഞദിവസം നടന്ന അത്യാഹിതം. സെക്രട്ടറിയുടെ ചുമതല കലക്ടർ വഹിക്കുമ്പോൾ കൂടുതൽ പരിഗണന കൊല്ലം ബീച്ചും അവിടെയെത്തുന്ന വിനോദസഞ്ചാരികളും അർഹിക്കുന്നുണ്ട്.
ചോർന്നൊലിക്കുന്ന ടവർ കെട്ടിടം ഉൾപ്പെടെ ‘സൗകര്യങ്ങൾ’ ആണ് ബീച്ചിൽ ലൈഫ് ഗാർഡുകൾക്കായുള്ളത്. ഇൻഷുറൻസ് പോലും ഇല്ലെങ്കിലും സ്വന്തം ജീവൻ മറന്ന് മറ്റുള്ളവർക്കായി അവർ കടലിലേക്ക് എടുത്തുചാടി എത്രയെത്രജീവനുകളെയാണ് ഇതുവരെ കരകയറ്റിയിട്ടുള്ളത്.
ഒരേസമയം പത്തിലധികം ആളുകൾ കടലിൽ വീണപ്പോഴും ഒരു ജീവൻ പോലും പൊലിയാതെ കരക്കെത്തിക്കാൻ സാധിച്ചത് ഏതാനും മാസങ്ങൾക്ക് മുമ്പാണ്. ദിനംപ്രതി ആയിരങ്ങൾ വരുന്നിടത്ത് വിസിലുമായി ബീച്ചിലങ്ങോളം ഇങ്ങോളം ഓടിയെത്താൻ ഒരു സമയം നാല് പേർ വരെയാണ് ഉണ്ടാകുക. വെളിച്ചമില്ലാതെ കാണാൻ കഴിയാത്ത അവസ്ഥയിൽ രക്ഷാപ്രവർത്തനം സാധ്യമല്ലാത്തതിനാലാണ് വൈകീട്ട് ഏഴോടെ ലൈഫ് ഗാർഡുകളുടെ ഡ്യൂട്ടി അവസാനിക്കുന്നത്. അതേസമയം, ബീച്ചിൽ രാത്രി വൈകിയും കുടുംബങ്ങൾ ഉൾപ്പെടെ വരുന്നുണ്ട്. ലൈഫ് ഗാർഡുകൾ പോയി കഴിഞ്ഞാൽ, വെള്ളത്തിൽ ഇറങ്ങുന്നവരെ അപകടം ചൂണ്ടിക്കാട്ടി പിന്തിരിപ്പിക്കേണ്ട ചുമതല പൊലീസിനാണ്. മറ്റ് പ്രധാന ബീച്ചുകളിൽ ബീച്ച് പൊലീസ് ഉള്ളത് പോലെ കൊല്ലത്ത് ഇല്ല. പട്രോളിങ്ങിന് എത്തുന്ന പൊലീസ് സംഘം മാത്രമാണ് ആശ്രയം. ഇങ്ങനെ എത്തുന്ന പൊലീസ് ആകട്ടെ മണൽപരപ്പിലേക്ക് ഇറങ്ങി ആളുകളെ നിരീക്ഷിക്കുന്നതുൾപ്പെടെ ‘പണി’ എടുക്കാറില്ല. ബീച്ച് റോഡിൽ പൊലീസിന്റെ പാറാവ് അവസാനിക്കുന്നത് കാരണം രാത്രി വെള്ളത്തിലിറങ്ങാൻ ശ്രമിക്കുന്നവരെ പിന്തിരിപ്പിക്കാനും ആരുമുണ്ടാകാറില്ല. ഇരുട്ടായാൽ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ബീച്ചിലെ ആളുകൾക്കിടയിലേക്ക് ആക്കേണ്ടതിന്റെ പ്രധാന്യം ഓർമിപ്പിക്കുകയാണ് ഏറ്റവും പുതിയ അപകടം.
ഇരുട്ടുവീണാൽ കൊല്ലം ബീച്ച് ലഹരിത്താവളമാകുന്നു എന്ന ആക്ഷേപം വ്യാപകമായുണ്ട്.
പരസ്യ മദ്യപാനവും എം.ഡി.എം.എ ഉൾപ്പെടെ രാസലഹരികളുടെ ഉപയോഗവും വിൽപനയുമെല്ലാം ആ മണൽപ്പരപ്പിൽ ഇരുട്ടുമറവിൽ നടക്കുന്നു എന്നത് അവിടെയുള്ള കച്ചവടക്കാർ ഉൾപ്പെടെ ചൂണ്ടിക്കാട്ടുന്നു. പൊലീസിന്റെ പട്രോളിങ് റോഡിൽ മാത്രമാക്കാതെ മണൽപ്പരപ്പിലേക്ക് കൂടി ആക്കിയാൽ തന്നെ ഇത്തരം ലഹരി സംഘങ്ങളെ ബീച്ചിൽനിന്ന് തുരത്താനാകും. എന്നാൽ, സ്പെഷൽ ബ്രാഞ്ചിന്റെ ഉൾപ്പെടെ ശ്രദ്ധയിൽപെടുത്തിയിട്ടും ഇതിന് നടപടി ഉണ്ടാകുന്നില്ല. ബീച്ചിലെ ഇരുട്ടും പൊലീസിന്റെ അസാന്നിധ്യവും പരിഹരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
കലക്ടർ ചെയർപേഴ്സൻ ആയി മൂന്ന് വർഷങ്ങൾക്ക് മുമ്പ് കൊല്ലം ബീച്ചിന്റെ സംരക്ഷണത്തിനായി രൂപവത്കരിച്ച തീരസംരക്ഷണ സമിതിയെ കുറിച്ചും വിവരമില്ല. ഏതാണ്ട് എല്ലാ സർക്കാർ ഡിപ്പാർട്ട്മെന്റുകളുടെയും ചുമതലക്കാർ അടങ്ങുന്നതായിരുന്നു സമിതി. ബീച്ച് കൃത്യമായി അളന്ന് തിരിച്ച് സന്ദർശകരെ മറ്റ് ഭാഗങ്ങളിലേക്ക് വിടാതെയിരിക്കാനും സുരക്ഷ ബോർഡുകൾ സ്ഥാപിക്കാനും പൊലീസിന്റെ ശക്തമായ നിരീക്ഷണവും ലൈഫ് ഗാർഡുമാരുടെ എണ്ണത്തിൽ വർധനയുമുൾപ്പെടെ സമിതി നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്നു. എന്നാൽ, സമിതി കടലാസിൽ ഒതുങ്ങിയതോടെ അവഗണന മാത്രം ബാക്കിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.