ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: പത്മകുമാറും ഭാര്യയും മകളും അറസ്റ്റിൽ

കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യപ്രതി പത്മകുമാർ(52), കൂട്ടുപ്രതികളായ ഭാര്യ എം.ആർ.അനിതകുമാരി(45), മകൾ പി. അനുപമ(20) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.പൂയപ്പള്ളി പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഭാര്യക്കും മകൾക്കും കേസിൽ നേരിട്ട് പങ്കുണ്ടെന്ന് പൊലീസിന് വ്യക്തമായതോടെയാണ് ഇവരെയും അറസ്റ്റ് ചെയ്തത്. 

കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ വിളിച്ചത് ഭാര്യയാണെന്ന് സ്ഥിരീകരിച്ചു. ഭാര്യക്കും മകൾക്കും പങ്കില്ലെന്നാണ് പത്മകുമാർ ചോദ്യം ചെയ്യലിനിടെ പറഞ്ഞിരുന്നത്. പണമായിരുന്നു പ്രതികളുടെ ലക്ഷ്യം. കേസിൽ കൂടുതൽ പ്രതികളില്ലെന്നും പൊലീസ് പറയുന്നു. പ്രതികളെ ഇന്ന് കൊട്ടാരക്കര കോടതിയിൽ ഹാജരാക്കും.ആഡംബര ജീവിതമാണ് നയിച്ചിരുന്നതെങ്കിലും വൻ സാമ്പത്തിക ബാധ്യത കുടുംബത്തിനുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നുമണിവരെ പൊലീസ് പത്മകുമാറിനെ അടൂർ കെ.എ.പി ക്യാമ്പിൽ വെച്ച് ചോദ്യം ചെയ്തിരുന്നു. മൊഴികളിൽ വൈരുധ്യം കണ്ടതോടെ ഇന്ന് വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.എ.ഡി.ജി.പി, ഡി.ഐ.ജി എന്നിവർ അടൂർ എ.ആർ ക്യാമ്പിലുണ്ട്. രാവിലെ തിരിച്ചെത്താൻ റൂറൽ എസ്.പി അടക്കമുള്ളവർക്ക് എ.ഡി.ജി.പി നിർദേശം നൽകിയിട്ടുണ്ട്. പത്മകുമാറിന് രണ്ടുകോടിയിലേറെ രൂപയുടെ കടബാധ്യതയുണ്ടെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

രണ്ട് കാറുകളും ഫാം ഹൗസുമൊക്കെ ഇയാൾക്ക് സ്വന്തമായുണ്ട്. വീട്ടിൽ ഒരുപാട് നായ്ക്കളെ വളർത്തിയിരുന്നു. പിടിയിലാകുമെന്ന് കണ്ടതോടെ നായ്ക്കളെ മുഴുവൻ ഫാം ഹൗസിലാക്കിയ ശേഷമായിരുന്നു കുടുംബ സമേതം തെങ്കാശിയിലേക്ക് പോയത്. സോഫ്റ്റ്​വെയർ എൻജിനീയറായിരുന്ന പത്മകുമാർ പിന്നീട് സ്വന്തം ബിസിനസിലേക്ക് തിരിയുകയായിരുന്നു.

തിങ്കളാഴ്ച വൈകീട്ടാണ് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയത്. സ്കൂളിൽ നിന്നെത്തിയ ശേഷം ജ്യേഷ്ഠനായ നാലാം ക്ലാസുകാരനൊപ്പം 100 മീറ്റർ അപ്പുറത്തുള്ള വീട്ടിൽ ട്യൂഷന് പോകുമ്പോഴായിരുന്നു സംഭവം. കാറിലെത്തിയവർ പെൺകുട്ടിയെ വാഹനത്തിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. സംഭവം നടന്ന് അഞ്ചാം ദിവസമാണ് പ്രതികളെ പിടികൂടിയത്. പുളിയറയിലെ ഹോട്ടലില്‍ ഉച്ചഭക്ഷണം കഴിക്കവേയാണ് മൂവരും പിടിയിലായത്. ഇവരുടെ വീട്ടിൽനിന്ന് പത്ത് കിലോമീറ്റർ മാത്രം അകലെയാണ് ആറു വയസുകാരിയുടെ വീട്.

Tags:    
News Summary - kollam child kidnap case: Padmakumar, wife and daughter arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.