കൊല്ലം: തീ കോരിയിട്ട ഇരുപത്തിയൊന്ന് മണിക്കൂറുകൾക്കൊടുവിൽ അമ്മ മനസ്സുകളെല്ലാം കേൾക്കാൻ കൊതിച്ച ആ വാർത്ത തെളിദൃശ്യമായി മലയാളക്കരക്കു മുന്നിലെത്തി. കൊല്ലം ഓയൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയ അബിഗേൽ അതാ ചൊവ്വാഴ്ച ഉച്ചയോടെ ആശ്രാമം മൈതാനത്ത്, ഒരു പോറലുമേൽക്കാതെ... എസ്.എൻ കോളജിലെ വിദ്യാർഥിനികളും നാട്ടുകാരുമാണ്, ഉപേക്ഷിച്ച നിലയിൽ കുട്ടിയെ ആദ്യം കണ്ടത്. കുട്ടിക്കൊപ്പം ഒരു സ്ത്രീയുമുണ്ടായിരുന്നെന്ന് വിദ്യാർഥികൾ പറഞ്ഞു. അവർ കുട്ടിയെ അവിടെ ഇരുത്തിയശേഷം കടന്നുകളയുകയായിരുന്നു. തട്ടിക്കൊണ്ടുപോയവർക്കായി തിരച്ചിൽ തുടരുന്നു.
പൊലീസ് കുട്ടിയെ ആശ്രാമം മൈതാനിയിൽ നിന്ന് കൊല്ലം എ.ആർ ക്യാമ്പിലെത്തിച്ചശേഷം പിതാവിനെ വിളിച്ചുവരുത്തി. പ്രാഥമികമായി ആരോഗ്യ പരിശോധനയും നടത്തി. മാതാവുമായി വിഡിയോ കാളിൽ സംസാരിക്കുകയും ചെയ്തു. വൈകീട്ടോടെ മാതാവിനെയും എ.ആർ ക്യാമ്പിലെത്തിച്ച് കുട്ടിയെ കാണിച്ചു. പിന്നീട്, വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി.
തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് ഓയൂർ കാറ്റാടി ഓട്ടുമല റെജി ഭവനിൽ റെജിയുടെ മകൾ അബിഗേലിനെ (ആറ്) തട്ടിക്കൊണ്ടുപോയത്. സ്കൂളിൽ നിന്നെത്തിയ ശേഷം അബിഗേലും ജ്യേഷ്ഠൻ നാലാം ക്ലാസുകാരൻ ജോനാഥനും 100 മീറ്റർ അപ്പുറത്തുള്ള വീട്ടിൽ ട്യൂഷന് പോകുമ്പോഴാണ് കാറിലെത്തിയവർ അബിഗേലിനെ കാറിലേക്ക് വലിച്ചുകയറ്റിയത്.
കൊല്ലം വേളമാനൂരിലൂടെയും കല്ലുവാതുക്കലിലൂടെയും കാർ കടന്നുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പിന്നീട് പുറത്തുവന്നിരുന്നു. പൊലീസ് നിരവധി വീടുകളും വാഹനങ്ങളുമടക്കം പരിശോധിച്ചു. ഇതിനിടെ, കൊല്ലം പാരിപ്പള്ളിയിലെ കടയിൽ നിന്ന് കടയുടമയുടെ ഫോൺ ഉപയോഗിച്ച് കുട്ടിയുടെ അമ്മ സിജിയുടെ ഫോണിലേക്ക് മോചനദ്രവ്യമാവശ്യപ്പെട്ട് സംഘം ഫോൺ വിളിച്ചു. കുട്ടിയെ വിട്ടയക്കാൻ ആദ്യം അഞ്ചുലക്ഷം രൂപയും പിന്നീട് 10 ലക്ഷം രൂപയുമാണ് ആവശ്യപ്പെട്ടത്.
പാരിപ്പള്ളിയിലെത്തിയ പൊലീസ് അവിടെ എത്തിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം തയാറാക്കി രാത്രിയിൽ തന്നെ പുറത്തുവിട്ടിരുന്നു. ഇതിനിടെ, ചൊവ്വാഴ്ച പുലർച്ച തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്തുനിന്ന് രണ്ടുപേരെയും ശ്രീകാര്യത്തുനിന്ന് ഒരാളെയും കസ്റ്റഡിയിലെടുത്തിരുന്നു. കേസുമായി ബന്ധമില്ലെന്ന് കണ്ടെത്തി പിന്നീട് ഇവരെ വിട്ടയച്ചു. സമയം വൈകുംതോറും ആശങ്ക വർധിക്കുന്നതിനിടെയാണ് കുട്ടിയെ കൊല്ലത്ത് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.