കൊല്ലം: കലക്ടറേറ്റ് ബോംബ് സ്ഫോടന കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പ്രതികളുടെ ശിക്ഷ കോടതി ഏഴിന് വിധിക്കും. നൽകേണ്ട ശിക്ഷ സംബന്ധിച്ച് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാർ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം ചൊവ്വാഴ്ച കേട്ടു. നിരോധിത സംഘടനയായ ബേസ് മൂവ്മെന്റിന്റെ പ്രവർത്തകരായ തമിഴ്നാട് മധുര സ്വദേശികൾ അബ്ബാസ് അലി (31), ഷംസൂൺ കരീംരാജ (33), ദാവൂദ് സുലൈമാൻ (27) എന്നിവർ കുറ്റക്കാരെന്ന് തിങ്കളാഴ്ച കോടതി വിധിച്ചിരുന്നു. ഐ.പി.സി 307, 324, 427, 120 ബി, സ്ഫോടക വസ്തു നിയമം, പൊതുമുതൽ നശീകരണ തടയൽ നിയമം, യു.എ.പി.എ 16ബി, 18, 20 എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ മൂന്ന് പ്രതികൾ ചെയ്തതായാണ് കോടതി കണ്ടെത്തിയത്.
യു.എ.പി.എ വകുപ്പ് പ്രകാരം കുറ്റക്കാരെന്ന് തെളിഞ്ഞ കേസിൽ പരമാവധി ശിക്ഷയായി ജീവപര്യന്തം നൽകണമെന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ അഡ്വ. ആർ. സേതുനാഥ് വാദിച്ചു. ഇസ്രത് ജഹാനെ കൊലപ്പെടുത്തിയതിലുള്ള പ്രതിഷേധത്തിൽ കൊല്ലം കോടതി വളപ്പിൽ 2016 ജൂൺ 15ന് ഉഗ്രസ്ഫോടക ശേഷിയുള്ള ബോംബ് സ്ഥാപിച്ച പ്രതികളുടെ കോടതികൾക്കെതിരെയുള്ള പരാമർശം, ബേസ് മൂവ്മെന്റ് സംഘടന അൽ ഖ്വയ്ദയുടെ ഭാഗമാണെന്നുള്ള ചിത്രങ്ങൾ, കൂടുതൽ അക്രമങ്ങൾ നടക്കും എന്ന് പ്രതികളിൽ നിന്നും പിടിച്ചെടുത്ത രേഖകളിലെ പരാമർശങ്ങൾ എന്നീ തെളിവുകളുടെ അടിസ്ഥാനത്തിൽ പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. എന്നാൽ, 307ാം വകുപ്പ് പ്രകാരം മരണകാരണമായ കുറ്റകൃത്യമല്ലാത്തതിനാൽ പരമാവധി ശിക്ഷ നൽകരുതെന്നും ഏറ്റവും കുറഞ്ഞ ശിക്ഷ നൽകണമെന്നും പ്രതിഭാഗത്തിന് വേണ്ടി അഡ്വ. ഷാനവാസ് വാദിച്ചു.
വലിയ തോതിൽ നാശനഷ്ടമോ ആളുകൾക്ക് അത്യാഹിതമോ ഉണ്ടായിട്ടില്ലെന്നത് പരിഗണിക്കണമെന്ന് പ്രതിഭാഗം വാദം ഉന്നയിച്ചപ്പോൾ അത്തരത്തിൽ നാശനഷ്ടത്തിന്റെ തോത് വച്ച് ബോംബ് സ്ഫോടനം പോലുള്ള കുറ്റകൃത്യങ്ങൾ അളക്കാനാകില്ലെന്ന് ജഡ്ജി വ്യക്തമാക്കി. ഓൺലൈനായി വാദത്തിൽ പങ്കെടുത്ത പ്രതികൾ ശിക്ഷ കാലാവധിയിൽ ബംഗളൂരുവിലേക്ക് തങ്ങളെ മാറ്റണമെന്ന് വീണ്ടും കോടതിയോട് അഭ്യർഥിച്ചു.
ബംഗളൂരുവിൽനിന്ന് ഏതെങ്കിലും കേസിൽ പ്രൊഡക്ഷൻ വാറൻഡ് വന്നാൽ മാത്രം അതിനുള്ള ഉത്തരവ് നൽകാമെന്ന് ജഡ്ജി വ്യക്തമാക്കി. കേസിൽ നാലാം പ്രതിയായിരുന്ന കുറ്റവിമുക്തനായ ഷംസുദീനെ ജയിലിൽനിന്ന് വിട്ടയച്ചോ എന്ന് കോടതി ആരാഞ്ഞു. കുറ്റവിമുക്തനാക്കിയതായുള്ള വിധി പകർപ്പ് ജയിലിൽ എത്തണം എന്നതുൾപ്പെടെ നടപടി ക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ ഷംസുദീനെ വിട്ടിട്ടില്ല എന്ന് അഭിഭാഷകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.