കൊല്ലം: പരാതി പറഞ്ഞ യുവതിയോട് മോശമായി പെരുമാറിയ സംഭവത്തെ തുടർന്ന് വനിത കമീഷൻ അധ്യക്ഷസ്ഥാനം രാജിവെച്ച എം.സി. ജോസഫൈനെതിരെ സമാന പരാതിയുമായി കൊല്ലം സ്വദേശിനിയും രംഗത്തെത്തി. ഭർത്താവ് മറ്റൊരു വിവാഹം കഴിക്കുകയും തന്നെയും കുഞ്ഞുങ്ങളെയും തിരിഞ്ഞുനോക്കുന്നില്ലെന്നും ഫോണിലൂടെ പരാതി പറഞ്ഞ യുവതിയോട് ജോസഫൈൻ ദേഷ്യപ്പെടുന്ന ശബ്ദരേഖ പുറത്തുവന്നു.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് യുവതി ജോസഫൈനെ വിളിച്ചത്. ഭർത്താവ് തന്നെ വിവാഹം കഴിച്ചതിന് പിന്നാലെ മറ്റൊരു സ്ത്രീയെയും വിവാഹം കഴിച്ച് പിന്നീട് തനിക്കൊപ്പം താമസിച്ചുവരികയായിരുന്നെന്നും ഇപ്പോൾ വീണ്ടും ഉപേക്ഷിച്ചുപോയി വേറെ കല്യാണം കഴിച്ചു എന്ന പരാതി യുവതി പകുതി പറഞ്ഞപ്പോഴേക്കും 'നിങ്ങളെ അടിക്കുകയാണ് വേണ്ടത്' എന്ന് ശബ്ദമുയർത്തി ദേഷ്യപ്പെട്ടു.
പരാതി പൂർണമായി പറയാനനുവദിക്കാതെ 'നിങ്ങൾ പറയുന്ന കഥ മുഴുവൻ കേൾക്കാനാവില്ല' എന്നും തുടർന്ന് പറഞ്ഞു. പരാതി വിശ്വാസയോഗ്യമല്ലെന്നും അവർ പറഞ്ഞു. പൂർണമായും പരാതിക്കാരിയെ കുറ്റപ്പെടുത്തുന്ന സമീപനത്തിനിടയിൽ യുവതി തേങ്ങിക്കരയുന്നതും കേൾക്കാം.
ഒടുവിൽ നല്ലൊരു വക്കീലിനെ കണ്ട് കോടതി വഴി പോകൂ എന്ന ഉപദേശവും നൽകി. ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ, നീതി പ്രതീക്ഷിച്ചു വിളിച്ച തന്നോട് മോശമായി പെരുമാറിയത് വലിയ വേദന ഉണ്ടാക്കിയതായി പരാതിക്കാരി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.