കോന്നി താലൂക്ക് ഓഫിസ് ഉല്ലാസയാത്ര: ജീവനക്കാരെ സംരക്ഷിക്കാൻ എ.ഡി.എം ശ്രമിക്കുന്നു, പരാതി നൽകുമെന്ന് ജനീഷ് കുമാർ എം.എൽ.എ

പത്തനംതിട്ട: കോന്നി താലൂക്ക് ഓഫിസിലെ ജീവനക്കാര്‍ കൂട്ട അവധി എടുത്ത് മൂന്നാറിലേക്ക് വിനോദ യാത്ര പോയ സംഭവത്തിൽ എ.ഡി.എമ്മിനെതിരെ വിമർശനവുമായി കെ.യു. ജനീഷ് കുമാർ എം.എൽ.എ. ജീവനക്കാരെ സംരക്ഷിക്കാനാണ് എ.ഡി.എം ശ്രമിക്കുന്നത്. ജീവനക്കാർ കൂട്ട അവധി എടുത്ത് ഉല്ലാസയാത്ര പോയതിൽ നടപടിയെടുക്കേണ്ടതിന് പകരം എം.എൽ.എക്ക് രേഖകൾ പരിശോധിക്കാൻ എന്ത് അധികാരമാണുള്ളതെന്ന് ചോദിക്കുകയാണ് എ.ഡി.എം ചെയ്തത്. എ.ഡി.എമ്മിനെതിരെ മുഖ്യമന്ത്രിക്കും സ്പീക്കർക്കും പരാതി നൽകുമെന്നും എം.എൽ.എ പറഞ്ഞു.

അഞ്ച് ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് കൊടുക്കാനാണ് മന്ത്രി എ.ഡി.എമ്മിന് നിർദേശം നൽകിയത്. എന്നാൽ എ.ഡി.എം ഇവിടെ വന്ന് അന്വേഷിച്ചത് ഉദ്യോഗസ്ഥരുടെ വീഴ്ചയെ കുറിച്ചല്ല. എം.എൽ.എക്ക് രേഖകൾ പരിശോധിക്കാൻ ആരാണ് അധികാരം കൊടുത്തത് എന്നാണ് എ.ഡി.എം ചോദിച്ചത്. എം.എൽ.എയുടെ പണി മരണവീട്ടിൽ പോകുക, കല്യാണവീട്ടിൽ പോകുക, ഉദ്ഘാടനത്തിനു പോകുക എന്നാണ് എ.ഡി.എം ധരിച്ചുവെച്ചതെങ്കിൽ അതല്ലെന്ന് മനസിലാക്കണം.

ഭരണഘടനപരമായ ഉത്തരവാദിത്തമാണ് ഞാൻ നിർവഹിച്ചത്. ആർട്ടിക്കിൾ 21 ബിയിൽ എം.എൽ.എമാരുടെ അധികാരത്തെ കുറിച്ച് വിവരിച്ചിട്ടുണ്ട്. എ.ഡി.എം ഇതൊന്നും വായിച്ചിട്ടില്ലെങ്കിൽ വായിക്കണം -കെ.യു. ജനീഷ് കുമാർ പറഞ്ഞു.

ഇന്നലെയാണ് കോന്നി താലൂക്ക് ഓഫിസിൽ നിന്ന് തഹസിൽദാർ ഉൾപ്പെടെ ജീവനക്കാർ കൂട്ടയവധിയെടുത്തു മൂന്നാറിൽ ഉല്ലാസയാത്രയ്ക്കു പോയത്. ആകെയുള്ള 60 ജീവനക്കാരിൽ 35 പേർ ഇന്നലെ ജോലിക്ക് ഹാജരായില്ല. പരാതി ഉയർന്നതോടെയാണ് സ്ഥലം എം.എൽ.എ കെ.യു.ജനീഷ് കുമാർ ഓഫിസിലെത്തി അറ്റൻഡൻസ് റജിസ്റ്റർ പരിശോധിച്ചത്. 21 പേർ മാത്രമാണു ഹാജർ രേഖപ്പെടുത്തിയിരുന്നത്. 18 പേർ അവധിക്ക് അപേക്ഷ നൽകിയിരുന്നു. വിനോദയാത്ര പോയ ബാക്കിയുള്ളവർ ലീവ് രേഖപ്പെടുത്താതെയായിരുന്നു പോയത് എന്ന് കണ്ടെത്തിയിരുന്നു. 

Tags:    
News Summary - Konni taluk office tour: ADM tries to protect employees, says Janish Kumar MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.