കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസ് പരമ്പരയിൽപെട്ട റോയ് തോമസ് വധക്കേസിൽ സാക്ഷിവിസ്താരം ചൊവ്വാഴ്ചക്കു മാറ്റി. മേയ് 18 വരെ തുടർച്ചയായി സാക്ഷികളുടെ വിസ്താരം നടത്താനാണ് മാറാട് പ്രത്യേക അഡീഷനൽ സെഷൻസ് ജഡ്ജി എസ്.ആർ. ശ്യാംലാൽ തീരുമാനിച്ചത്.
തിങ്കളാഴ്ച റോയി തോമസിന്റെ സഹോദരി ഒന്നാം സാക്ഷി രഞ്ജി വിൽസൻ ഹാജരായെങ്കിലും അഭിഭാഷകൻ അഡ്വ. ബി.എ. ആളൂരുമായി സംസാരിക്കണമെന്ന പ്രതി ജോളിയുടെ അപേക്ഷ പരിഗണിച്ചാണ് വിസ്താരം മാറ്റിയത്. രണ്ടാം പ്രതി എം.എസ്. മാത്യുവിനെ വിഡിയോ കോൺഫറൻസ് വഴിയല്ലാതെ നേരിട്ട് ഹാജരാക്കണമെന്ന അഭിഭാഷകൻ അഡ്വ. ഷഹീർ സിങ്ങിന്റെ അപേക്ഷകൂടി പരിഗണിച്ചാണ് കേസ് മാറ്റിയത്. മാത്യുവിനെ ചൊവ്വാഴ്ച നേരിട്ട് ഹാജരാക്കാൻ കോടതി നിർദേശം നൽകി.
മാത്യുവുമായി സംസാരിക്കണമെന്നാവശ്യപ്പെട്ട് ജോളിയും ഹരജി നൽകിയിട്ടുണ്ട്. മാത്യുവുമായി ബന്ധപ്പെട്ടശേഷം തീരുമാനമറിയിക്കാമെന്ന് മാത്യുവിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഈ ഹരജിയും ചൊവ്വാഴ്ച പരിഗണിക്കും. മൊത്തം 158 സാക്ഷികൾക്ക് വിവിധ ദിവസങ്ങളിൽ ഹാജരാകാൻ സമൻസ് അയക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.