കൊച്ചി: കോതമംഗലം ചെറിയപള്ളി വിഷയത്തിൽ നടക്കുന്ന സമാധാന ശ്രമങ്ങളിൽ പ്രതീക്ഷയുണ്ടെന്നും കോടതിയലക്ഷ്യ ഹരജിയിലെ നടപടികൾ മൂന്നുമാസം മാറ്റിവെക്കണമെന്നും സർക്കാർ ഹൈകോടതിയിൽ. ചർച്ച പൂർത്തിയാകുന്നതുവരെ നിലവിലെ സ്ഥിതി തുടരാൻ ഇരുവിഭാഗവും സമ്മതിച്ചിട്ടുണ്ടെന്ന് കാട്ടിയാണ് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി ടി. കെ. ജോസ് സത്യവാങ്മൂലത്തിൽ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന വിധി നടപ്പാക്കിയില്ലെന്ന് ആരോപിച്ച് ഓർത്തഡോക്സ് വിഭാഗം വികാരി തോമസ് പോൾ റമ്പാൻ നൽകിയ കോടതിയലക്ഷ്യ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
നിലവിലെ സമാധാനശ്രമങ്ങൾ പൂർത്തിയാക്കാൻ സാവകാശം വേണമെന്നാണ് സർക്കാറിെൻറ ആവശ്യം. ഓർത്തഡോക്സ്, യാക്കോബായ വിഭാഗം മേധാവികളുമായി സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലായി മൂന്ന് ചർച്ചകൾ നടത്തിയതായി സത്യവാങ്മൂലത്തിൽ പറയുന്നു. തീരുമാനമാകുംവരെ പ്രശ്നമുണ്ടാക്കില്ലെന്നും അവകാശവാദമുണ്ടാകില്ലെന്നും ധാരണയുണ്ട്. ഇതിനിടെ, കോടതിയുടെ കർശന ഉത്തരവുകളുണ്ടാകുന്നത് സമാധാനശ്രമങ്ങളെ ബാധിക്കും. തർക്കം രൂക്ഷമാകുന്നത് മലങ്കരസഭയിലെ കുടുംബ ബന്ധങ്ങളെയും സംസ്ഥാനത്തെ സമാധാനാന്തരീക്ഷത്തെയും ബാധിക്കും. ചർച്ചകളുടെ മിനിറ്റ്സ് കോടതിയിൽ ഹാജരാക്കിയ അഡീ. ചീഫ് സെക്രട്ടറി മൂന്നുമാസത്തിനകം സമാധാനപരമായ തീർപ്പുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വ്യക്തമാക്കുന്നു.
സമാധാനപരമായി തർക്കം പരിഹരിക്കാൻ ശ്രമങ്ങൾ നടക്കുന്നതായി ചൂണ്ടിക്കാട്ടി ജില്ല കലക്ടർ എസ്. സുഹാസും സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. കോതമംഗലത്ത് ബലപ്രയോഗത്തിലൂടെ വിധി നടപ്പാക്കാൻ ശ്രമിച്ചാൽ ജീവനും വസ്തുവകകൾക്കും നാശമുണ്ടാകുമെന്ന് ഇൻറലിജൻസ് റിപ്പോർട്ട് ലഭിച്ചതോടെയാണ് സമാധാനശ്രമം തുടങ്ങിയതെന്നാണ് കലക്ടറുടെ വിശദീകരണം.
കോടതിയോടുള്ള ബഹുമാനക്കുറവുകൊണ്ടല്ല സർക്കാർ നിയന്ത്രണത്തിലല്ലാത്ത കാരണങ്ങളാലാണ് വിധി നടപ്പാക്കൽ വൈകുന്നതെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.