കോട്ടയം: ഭാരത് ആശുപത്രി മാനേജ്മെൻറ് കഴിഞ്ഞദിവസം പുറത്താക്കിയ അഞ്ചു നഴ്സുമാര്‍ക്ക് പുറമെ മറ്റുള്ളവരും പിരിച്ചുവിടല്‍ ഭീഷണിയില്‍. സംഘടനയില്‍ പ്രവര്‍ത്തിച്ചാല്‍ പുറത്താക്കുമെന്ന് മാനേജ്മെൻറ് താക്കീത് നൽകുകയാണെന്ന് നഴ്സുമാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കരാര്‍ കഴിഞ്ഞതായി അറിയിച്ചാണ് പിരിച്ചുവിടല്‍. നഴ്സുമാര്‍ സമരം ചെയ്ത ദിനങ്ങളിൽ പുതിയ നിയമനങ്ങളും നടത്തി.
പുറത്താക്കിയവരെ തിരിച്ചെടുത്തില്ലെങ്കിൽ സമരം നടത്തുമെന്ന് അറിയിച്ചുള്ള നോട്ടീസ് മാനേജ്മെൻറിനു നല്‍കിയിട്ടുണ്ടെന്ന് സംഘടന ഭാരവാഹികൾ പറഞ്ഞു. ബിൻസി ബേബി, രമ്യ, സൂര്യമോൾ, അനീഷ, സവിത എന്നിവരെയാണ് പിരിച്ചുവിട്ടത്. നഴ്സുമാരെ അകാരണമായി പിരിച്ചുവിട്ടതും കരാര്‍ കോപ്പി നല്‍കാത്ത നടപടിയും കോടതിയില്‍ ചോദ്യം ചെയ്യുമെന്ന നിലപാടിലാണ് യു.എന്‍.എ. ഭാരത് ആശുപത്രിയിലുള്ളത് 180 നഴ്സുമാരാണ്. ഇവരില്‍ സംഘടനയിൽ അംഗത്വമെടുത്ത 157 പേരും പിരിച്ചുവിടൽ ഭീഷണിയിലാണെന്ന് നഴ്സുമാര്‍ പറഞ്ഞു.
അടിമപ്പണി; അവധിയും വൈദ്യസഹായവുമില്ല
ഭാരത് ആശുപത്രിയിലെ നഴ്സുമാര്‍ നേരിടുന്നത് ശമ്പള പ്രശ്നം മാത്രമല്ല, അവകാശപ്പെട്ട അവധിപോലും ലഭിക്കാത്ത മനുഷ്യാവകാശ ലംഘനം. കാഷ്വല്‍ ലീവുപോലും ലഭിക്കില്ല. അവധിയെടുത്താല്‍ ശമ്പളം കുറക്കും. അതേസമയം, അവകാശപ്പെട്ട സി.എൽ, ഇ.എൽ എന്നിവയെല്ലാം നൽകുന്നുണ്ടെന്ന് രേഖകളുണ്ടാക്കും.
അഞ്ചു വർഷമായ സ്റ്റാഫ് നഴ്സിന് കിട്ടുന്ന ശമ്പളം 10,000 മുതൽ 12,000വരെ. ഡ്യൂട്ടിക്കിടെ ഉണ്ടാവുന്ന ശാരീരികപ്രശ്നങ്ങളിൽപോലും സൗജന്യ വൈദ്യസഹായമില്ല. ഡ്യൂട്ടി ഷിഫ്റ്റ് പുനഃ ക്രമീകരിക്കണമെന്ന ആവശ്യത്തോട് നിഷേധാത്മക നിലപാടാണ് മാനേജ്മെൻറിേൻറത്. ദിവസവും ദേഹപരിശോധന നടത്തിയാണ് നഴ്സുമാരെ ഡ്യൂട്ടിയില്‍ പ്രവേശിപ്പിക്കുന്നത്. അർധരാത്രി ഡ്യൂട്ടി കഴിഞ്ഞാൽ കിടക്കാൻ മുറി നൽകില്ല. ക്രിട്ടിക്കല്‍ കെയര്‍ അലവന്‍സ്, ഇന്‍ചാർജ് ഷിഫ്റ്റ് അലവന്‍സ്, യൂനിഫോം അലവന്‍സ്, ഗ്രാറ്റ്വിറ്റി എന്നിവയും നല്‍കാറില്ല. അഞ്ചുവര്‍ഷം കഴിഞ്ഞ നഴ്സുമാര്‍ക്ക് ഗ്രാറ്റ്വിറ്റി നല്‍കാമെന്ന് ജില്ല ലേബർ ഓഫിസർ നടത്തിയ ചര്‍ച്ചയില്‍ മാനേജ്മെൻറ് അറിയിച്ചിരുന്നു. പക്ഷേ അഞ്ചു വര്‍ഷം പ്രവൃത്തി പരിചയമുള്ള നഴ്സിനെയാണ് ആദ്യം പുറത്താക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.