കോട്ടയം: പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ഭാരത് ആശുപത്രിക്കുമുന്നിൽ നഴ്സുമാർ നടത്തിയ സമരത്തിൽ സംഘർഷം. പൊലീസ് ലാത്തിച്ചാർജിൽ 10 നഴ്സുമാർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിനാണ് സംഭവം. കാലിന് പരിക്കേറ്റ ഭാരത് ആശുപത്രിയിലെ നഴ്സുമാരായ റിലു, കൃപ, ദിവ്യ, അശ്വതി മോഹൻ, നീനു, ആതിര, യു.എൻ.എ പ്രവർത്തകൻ കൊല്ലം സ്വദേശി ബിനു എന്നിവരെ കോട്ടയം ജില്ല ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി കവാടത്തിനു മുന്നിലെ റോഡ് ഉപരോധിച്ച നഴ്സുമാരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഉന്തും തള്ളുമായതോടെ പൊലീസ് ലാത്തിവീശി. ആശുപത്രിയിലേക്ക് പ്രവേശനം തടയരുതെന്ന കോടതിവിധിയുള്ളതിനാൽ ആംബുലൻസ് എത്തിയപ്പോൾ വഴിയൊരുക്കാൻ നഴ്സുമാരെ നീക്കിയെന്നാണ് പൊലീസിെൻറ വിശദീകരണം.
ലാത്തിച്ചാർജിനെത്തുടർന്ന് ചിതറിയോടിയ നഴ്സുമാരിൽ ചിലർ തളർന്നുവീണു. ഇവരെ പൊലീസ് വാഹനത്തിലാണ് ആശുപത്രിയിൽ എത്തിച്ചത്. ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് യുനൈറ്റഡ് നഴ്സസ് അസോസിയോഷൻ (യു.എൻ.എ) നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ശനിയാഴ്ച കരിദിനം ആചരിക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് ജാസ്മിൻ ഷാ അറിയിച്ചു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത 20 നഴ്സുമാരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
മാനേജ്മെൻറ് അകാരണമായി പിരിച്ചുവിട്ട ഏഴ് നഴ്സുമാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് 40 ദിവസമായി ഭാരത് ആശുപത്രി നഴ്സുമാർ സമരത്തിലാണ്. ഇതിന് െഎക്യദാർഢ്യം പ്രകടിപ്പിച്ച് യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) നേതൃത്വത്തിൽ നൂറുകണക്കിന് നഴ്സുമാർ അണിനിരന്ന പ്രകടനം കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽനിന്നാണ് ആരംഭിച്ചത്. നഗരം ചുറ്റി ആശുപത്രിപരിസരത്തേക്ക് എത്തിയ പ്രകടനം തിരുനക്കര ക്ഷേത്രത്തിനു സമീപത്തെ റോഡിൽ പൊലീസ് തടഞ്ഞു. യു.എൻ.എ സംസ്ഥാന പ്രസിഡൻറ് ജാസ്മിൻ ഷാ അടക്കമുള്ള നേതാക്കൾ റോഡിൽ കുത്തിയിരുന്ന് നടത്തിയ പ്രതിഷേധസമരം പി.സി. ജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ജൂലൈ 13ന് നഴ്സുമാരുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കാൻ എത്തിയ പ്രതിനിധികളിൽ ഒരാളോട് നഴ്സിങ് സൂപ്രണ്ട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് മിന്നൽപണിമുടക്ക് നടത്തിയതാണ് പ്രശ്നങ്ങൾക്ക് തുടക്കം. മൂന്നുദിവസം നീണ്ട സമരത്തിനൊടുവിൽ നഴ്സിങ് സൂപ്രണ്ട് പരസ്യമായി മാപ്പുപറഞ്ഞതോടെ താൽക്കാലികമായി സമരം അവസാനിപ്പിച്ചു. പിന്നീട് ജോലിയിൽ പ്രവേശിച്ച ഏഴുപേരെ മാനേജ്മെൻറ് പുറത്താക്കി. ഇവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ആഗസ്റ്റ് ഏഴുമുതൽ ആശുപത്രിക്കുമുന്നിൽ ഒരുവിഭാഗം നഴ്സുമാർ അനിശ്ചിതകാല സമരം ആരംഭിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.