ശശി തരൂരിനെതിരായ വിമർശനത്തിൽ നിന്നും പിന്നോട്ടില്ലെന്ന് സാമൂഹിക മാധ്യമത്തിലൂടെയും പ്രഖ്യാപിക്കുകയാണ് കോട്ടയം ഡി.സി.സി. ഫേസ്ബുക്കിലെ പോസ്റ്റാണിപ്പോൾ വിവാദമായിരിക്കുന്നത്. തരൂരിനെതിരെ രൂക്ഷ പരാമർശങ്ങളുമായി വന്ന പോസ്റ്റ് വിവാദമായതോടെ ഡിലീറ്റ് ചെയ്തു. സോണിയ ഗാന്ധിയുടെ അടുക്കളയിലെ പാത്രം കഴുകി കോൺഗ്രസായ ശേഷം പാർലമെന്റ് സീറ്റ് മേടിച്ച് വിമാനത്തിൽ ഇറങ്ങിയ ആളല്ല നാട്ടകം സുരേഷ് എന്ന തലക്കെട്ടിൽ വന്ന പോസ്റ്റാണ് പിൻവലിച്ചത്.
പോസ്റ്റിനെതിരെ പരാതി നൽകാൻ തരൂർ അനുകൂലികൾ രംഗത്തെത്തിയതോടെ വിശദീകരണവുമായി നാട്ടകം സുരേഷ് രംഗത്തെത്തി. ഈ പേജ് ഡിസിസിയുടെ ഔദ്യോഗിക പേജല്ല. പേജിൽ വന്ന വിവാദ പോസ്റ്റിനെ കുറിച്ച് അറിയില്ലെന്നും നാട്ടകം സുരേഷ് വിശദീകരിച്ചു. പുതിയ സാഹചര്യത്തിൽ ആരാണ് നാട്ടകം സുരേഷ് എന്ന് ബോധ്യപ്പെടുത്താനുള്ള പോസ്റ്റും ഇതിനിടയിലുണ്ട്. പോസ്റ്റിന്റെ പൂർണ രൂപമിങ്ങനെ:
``സിപിഎമ്മിന്റെ കുത്തകയായിരുന്നു നാട്ടകം പഞ്ചായത്തിൽ കോൺഗ്രസിന്റെ മൂവർണ കൊടി പായിച്ചു പഞ്ചായത്ത് പ്രസിഡന്റാവുമ്പോൾ ഇദ്ദേഹത്തിന് പ്രായം വെറും 25 വയസ് മാത്രമായിരുന്നു.
കെഎസ് യു ബ്ലോക്ക് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി, കെപിസിസി സെക്രട്ടറി തുടങ്ങി പാർട്ടിയുടെ പല മേഖലയിലും വർഷങ്ങൾ പ്രവർത്തിച്ചിട്ടാണ് നാട്ടകം സുരേഷ് കോട്ടയം ഡിസിസി പ്രസിഡന്റായത്. ഒരു ദിവസം നേരം പുലർന്നപ്പോൾ കുപ്പായവും തയ്ച്ചു കോൺഗ്രസുകാരനായത് അല്ല''. ഇത് പ്രവർത്തകരും ഏറ്റെടുത്തിരിക്കുകയാണ്.
കോട്ടയത്ത് പൊതുപരിപാടിക്കെത്തിയ തരൂർ ജില്ല കോൺഗ്രസ് കമ്മറ്റിയെ അറിയിക്കാതെയാണ് വന്നതെന്ന് നാട്ടകം സുരേഷ് ആരോപിച്ചിരുന്നു. തരൂരിന്റെ പരിപാടികളിൽ നിന്ന് വിട്ടുനിന്ന സുരേഷ് തരൂരിനെതിരെ പരാതി നൽകുമെന്നും വ്യക്തമാക്കിയിരുന്നു. നാട്ടകം സുരേഷിനെതിരെ കെ. മുരളീധരനും രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഇത്തരം പോസ്റ്റുകൾ ചർച്ചയാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.