പരസ്പര സമ്മതത്തോടെയാണ് പങ്കാളികളെ പങ്കുവെക്കുന്നതെങ്കില്‍ ഇടപെടാനാകില്ലെന്ന് കോട്ടയം എസ്​.പി; കാരണമിതാണ്​

പരസ്പര സമ്മതത്തോടെയാണ് പങ്കാളികളെ പങ്കുവെക്കുന്നതെങ്കില്‍ ഇടപെടാനാകില്ലെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ. പങ്കാളികളെ പരസ്പരം കൈമാറിയ സംഭവം വിവാദമാകുകയും ഇത്തരം സംഘങ്ങൾ സജീവമാണെന്ന വാർത്തകൾ പുറത്തു വരികയും ചെയ്​ത സാഹചര്യത്തിലാണ്​ കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ പ്രതികരണം.

പരസ്പര സമ്മതത്തോടെ പങ്കാളികളെ പങ്കുവെക്കുന്നത് കുറ്റകരമാവില്ലെന്നും ഇതില്‍ കേസെടുത്താല്‍ സദാചാര പൊലീസിങ്ങ് ആകുമെന്നും ഡി. ശില്‍പ പറഞ്ഞു. പരാതി ലഭിച്ചാല്‍ മാത്രമേ കേസെടുക്കാനാകൂ അല്ലാത്തപക്ഷം നിയമപരമായ തിരിച്ചടി നേരിടുമെന്നും ചങ്ങനാശ്ശേരി സംഭവത്തില്‍ പീഡനക്കേസാണ് എടുത്തിരിക്കുന്നതെന്നും ഡി. ശില്‍പ അറിയിച്ചു.

കറുകച്ചാലിൽ പങ്കാളികളെ പങ്കുവെച്ച സംഭവത്തിൽ ഒരു യുവതിയുടെ പരാതിയിൽ കേസെടുക്കുകയും അതി​െൻറ തുടർനടപടികൾ പുരോഗമിക്കുകയുമാണ്​.

'പരസ്പര സമ്മതത്തോട് കൂടിയാണ് പങ്കാളികളെ പങ്കുവെക്കുന്നതെങ്കില്‍ അത് കുറ്റകൃത്യമല്ല. സദാചാര പൊലീസിങ്ങ് നമ്മള്‍ ചെയ്യാന്‍ പാടില്ല' -ഡി.ശിൽപ പറഞ്ഞു.

'സമ്മതമില്ലാതെ പങ്കുവെച്ച സംഭവമുണ്ടെങ്കില്‍ അത് റേപ് ആണ്. അങ്ങനെ പരാതി ലഭിച്ചാല്‍ കേസെടുക്കും' - അവർ കൂട്ടിച്ചേർത്തു.

പങ്കാളികളെ പങ്കുവെച്ചതില്‍ നിലവില്‍ കോട്ടയത്ത് രജിസ്റ്റര്‍ ചെയ്ത കേസ് ബലത്സംഗക്കേസായാണ് കൈകാര്യം ചെയ്യുന്നത്. സംഭവത്തില്‍ ഭര്‍ത്താവ് തന്നെ നിര്‍ബന്ധിച്ചതായി ഭാര്യ മൊഴി നല്‍കുകയും ചെയ്തിരുന്നു.

കറുകച്ചാലിലെ സംഭവത്തിൽ എടുത്തത് പങ്കാളികളെ കൈമാറ്റം ചെയ്തതിനുള്ള കേസല്ലെന്നും ബലാത്സംഗ പരാതിയാണ് കിട്ടിയതെന്നും അവർ പറഞ്ഞു.

ഭാര്യയെ ഭര്‍ത്താവ് നിര്‍ബന്ധപൂര്‍വം പങ്കാളികളെ പങ്കുവെക്കുന്ന പാര്‍ട്ടികളിലേക്ക് കൊണ്ടുപോയി എന്നതാണ് കേസ്. അവിടെ സ്ത്രീയുടെ സമ്മതമില്ലാത്തതു കൊണ്ട് അത് റേപ് ആണ്​. സോഷ്യല്‍ മീഡിയ വഴി ഒരുപാട് പേര്‍ ഇതിനെ തെറ്റായി വ്യാഖ്യാനിക്കുന്നുണ്ടെന്നും അത്​ പങ്കാളികളെ പങ്കുവെച്ചതിനുള്ള കേ​സല്ലെന്നും ഡി. ശില്‍പ പറഞ്ഞു.

കറുകച്ചാലില്‍ പണം വാങ്ങി പങ്കാളികളെ പരസ്പരം കൈമാറിയ കേസിലെ പരാതിക്കാരി ഒമ്പത് പേരുടെ ക്രൂര പീഡനത്തിനിരയായതായി യുവതിയുടെ സഹോദരന്‍ വെളിപ്പെടുത്തിയിരുന്നു.

സഹോദരിയെ ഭീഷണിപ്പെടുത്തിയാണ് സംഘത്തിലെത്തിച്ചതെന്നും മറ്റൊരാളോടൊപ്പം പോകാന്‍ വിസമ്മതിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും സമ്മതിക്കാതായതോടെ ക്രൂരമായി മര്‍ദ്ദിച്ചെന്നും സഹോദരന്‍ പറഞ്ഞിരുന്നു.

പങ്കാളികളെ പങ്കിടുന്ന നിരവധി സംഘങ്ങള്‍ കേരളത്തിലുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടെന്നും എന്നാല്‍ ഇരകളായ സ്ത്രീകള്‍ ഭര്‍ത്താക്കന്മാരെ ഭയന്ന് പരാതി നല്‍കാത്തതിനാല്‍ കേസെടുക്കാന്‍ പരിമിതി ഉണ്ടെന്നുമാണ് പൊലീസ് പറയുന്നത്.

പങ്കാളികളെ പരസ്പരം കൈമാറുന്ന സംഭവത്തില്‍ ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ നിന്നുള്ള ദമ്പതികളുടെ സംഘമായിരുന്നു കോട്ടയത്ത് പിടിയിലായത്. കുടുംബ സുഹൃത്തുക്കൾ എന്ന വ്യേജേന വീടുകളിൽ ഒര​ുമിച്ച്​ കൂടി പങ്കാളികളെ പരസ്​പരം പങ്കുവെക്കുന്ന രീതിയാണ്​ ഇൗ സംഘങ്ങൾക്കുള്ളത്​. 

Tags:    
News Summary - kottayam sp reveals the legal side of partner swapping case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.