കോട്ടയം: പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ നഗരത്തിലെ പ്രധാനവഴികളിലും ഇടവഴികളിലും തെരുവുനായ് ശല്യം രൂക്ഷം. ഗുഡ്ഷെപ്പേർഡ് റോഡ്, റെയിൽവേ സ്റ്റേഷൻ പരിസരം, നാഗമ്പടം പ്രൈവറ്റ് ബസ്സ്റ്റാൻഡ്, ചന്തക്കടവ് എം.എൽ റോഡ്, കോടിമത എന്നിവിടങ്ങളാണ് തെരുവുനായ്ക്കളുടെ പ്രധാന വിഹാരകേന്ദ്രം.
റെയിൽ വേസ്റ്റഷൻ പ്ലാറ്റ്ഫോമിൽ രാത്രിയിൽ നൂറുകണക്കിന് തെരുവുനായ്ക്കളാണ് അലഞ്ഞുതിരിഞ്ഞു നടക്കുന്നത്. ഇവ പരസ്പരം കടിപിടികൂടുന്നതും പതിവാണ്. തെരുവുനായ് ശല്യം രൂക്ഷമായതിനാൽ വഴിയാത്രികരും വാഹനയാത്രികരുമാണ് ദുരിതത്തിലായത്. കൂട്ടംകൂടി നടക്കുന്ന തെരുവുനായ്ക്കൾ ബൈക്ക് യാത്രികർക്ക് നേരെയും ആക്രമണം നടത്തുന്നത് പതിവാണ്. പ്രായമായ വളർത്തുനായ്ക്കളെ ഉടമസ്ഥർതന്നെ നഗരത്തിലെ വിജനമായ സ്ഥലങ്ങളിൽ ഉപേക്ഷിക്കാറുണ്ട്. ദിനംപ്രതി നിരവധിയാളുകൾക്കാണ് ഇവറ്റകളുടെ ആക്രമണത്തിൽ പരിക്കേൽക്കുന്നത്.
രാവിലെ നടക്കാൻ ഇറങ്ങുന്നവർ, വ്യാപാരികൾ, പത്ര വിതരണക്കാർ, വിദ്യാർഥികൾ എന്നിവരെല്ലാം ഭീതിയോടെയാണ് പുറത്തിറങ്ങുന്നത്. വളർത്തുമൃഗങ്ങളെയും കോഴികളെയും മറ്റും കൂട്ടത്തോടെ ആക്രമിക്കുന്നതും കൊന്നൊടുക്കുന്നതും പതിവാണ്.
കുട്ടികൾ ഉൾപ്പെടെയുള്ളവർ തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരകളാകുമ്പോഴും നഗരസഭയുടെ കീഴിലുള്ള എ.ബി.സി സെന്ററിൽ പ്രവർത്തനം മന്ദഗതിയിലാണ്. ജില്ലയിൽ പ്രവർത്തിക്കുന്ന എ.ബി.സി പദ്ധതി കാര്യക്ഷമമല്ലെന്നാണ് ആക്ഷേപം. നായ്ശല്യം നിയന്ത്രിക്കാനുള്ള നഗരസഭ പദ്ധതികളും മാലിന്യ തള്ളലും നിയന്ത്രിക്കാനുള്ള നടപടികളും കാര്യമായി ഫലം കാണുന്നില്ല. നിരവധിതവണ പരാതി നൽകിയിട്ടും അധികൃതർ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി.
നഗരത്തിൽ അലക്ഷ്യമായ മാലിന്യം തള്ളലും അശാസ്ത്രീയമായ രീതിയിൽ പ്രവർത്തിക്കുന്ന അറവുശാലകളുമാണ് തെരുവുനായ്ക്കൾ പെരുകാൻ പ്രധാനകാരണം. റോഡരികിൽ ചാക്കിൽക്കെട്ടി വലിച്ചെറിയുന്ന മാലിന്യം നായ്ക്കൾ കടിച്ചുകീറുന്നത് പതിവാണ്. അറവുശാലകളിൽനിന്ന് റോഡരികിലും ഒഴിഞ്ഞ സ്ഥലത്തും തള്ളുന്ന മാലിന്യങ്ങൾക്കായി എത്തുന്ന നായ്ക്കളും ജനങ്ങൾക്ക് ഭീഷണിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.