കൊട്ടിയൂർ പീഡനം: പെൺകുട്ടിയുടെ പിതാവും കൂറുമാറി

തലശ്ശേരി: കൊട്ടിയൂരിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിൽ പെൺകുട്ടിയുടെ പിതാവും കൂറുമാറി. തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി പി.എന്‍. വിനോദ് മുമ്പാകെ നടന്ന പ്രോസിക്യൂഷൻ വിസ്​താരത്തിൽ, ഭാര്യയും താനും ചേര്‍ന്നാണ് കുഞ്ഞിനെ വൈത്തിരിയിലേക്ക് കൊണ്ടുപോയതെന്നും മറ്റാരുടെയും പ്രേരണയുണ്ടായിരുന്നില്ലെന്നും പിതാവ്​ മൊഴിനല്‍കി. പെണ്‍കുട്ടിയും മാതാവും നേരത്തെ കൂറുമാറിയിരുന്നു.

മൊഴി മാറ്റിയ പിതാവ്​ കൂറുമാറിയതായും നാലും അഞ്ചും സാക്ഷികളായ പെണ്‍കുട്ടിയുടെ സഹോദരനെയും പ്രസവത്തിനായി പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ഡ്രൈവറെയും വിസ്തരിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ കോടതി മുമ്പാകെ അറിയിച്ചു. ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റി മുഖേന അനുവദിച്ച രണ്ട് ലക്ഷം രൂപ വാങ്ങുമ്പോഴുള്ള സ്‌റ്റേറ്റ്‌മ​​െൻറില്‍ മകള്‍ മൈനറാണെന്ന കാര്യം ഒപ്പിട്ട് നല്‍കിയിരുന്നുവെന്ന് പ്രോസിക്യൂട്ടറുടെ ക്രോസ്‌വിസ്താരത്തില്‍ പിതാവ്​ സമ്മതിച്ചു.

മഹസ്സര്‍ സാക്ഷികളടക്കമുള്ളവരെ ശനിയാഴ്ച വിസ്തരിക്കും. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബി.പി. ശശീന്ദ്രന്‍, സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ബീന കാളിയത്ത്, പ്രോസിക്യൂട്ടര്‍ അഡ്വ. സി.കെ. രാമചന്ദ്രന്‍ എന്നിവരും പ്രതിഭാഗത്തിനായി അഭിഭാഷകരായ പി.വി. ഹരി, എം. അശോകന്‍, ഗ്രേഷ്യസ് കുര്യാക്കോസ്, ജോൺ സെബാസ്​റ്റ്യൻ‍, പി. രാജന്‍ എന്നിവരും ഹാജരായി. 

Tags:    
News Summary - kottiyur rape case-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.