കോഴിക്കോട്: നഗരത്തിലെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഭീതിപടർത്തിയ ‘ബ്ലാക്ക്മാൻ’ താനാണെന്ന് കുറ്റസമ്മതം നടത്തി മോഷണക്കേസ് പ്രതി. കോവിഡ് ഇളവിൽ ജയിൽ മോചിതനായി നഗരത്തിലെത്തി വനിത ഹോസ്റ്റലുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലും വീടുകളിലും മോഷണം നടത്തിയ കണ്ണൂർ പാറാട്ട് മുക്കത്ത് ഹൗസിൽ മുഹമ്മദ് അജ്മലിനെ (26) വെള്ളിയാഴ്ച പുലർച്ചയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.
നഗരത്തിലെ പതിനെട്ടിടങ്ങളില്‍ രാത്രികാലങ്ങളിൽ വീടിൻെറ ജനല്‍ച്ചില്ല് തകര്‍ക്കുകയും ബഹളം വച്ച് കടന്നുകളയുകയും ചെയ്തതായി പ്രതി സമ്മതിച്ചിട്ടുണ്ട്. പിടികൂടാൻ ശ്രമിക്കുന്ന നാട്ടുകാരെ കല്ലെറിഞ്ഞാണ് ഓടിക്കാറ്. പ്രതിക്കെതിരെ സി.സി.ടി.വി ദൃശ്യങ്ങളടക്കം കൃത്യമായ തെളിവുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
കൊയിലാണ്ടിയിൽ വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ വധശ്രമത്തിന് കേസെടുത്ത് റിമാൻഡിലായെങ്കിലും കോവിഡ് മുൻകരുതൽ ഭാഗമായി മാർച്ച് 24ന് കണ്ണൂരിൽനിന്ന് ജയിൽമോചിതനായി. പിറ്റേന്ന് കോഴിക്കോട്ടെത്തിയ ഇയാൾ ആനിഹാൾ റോഡിലെ അടച്ചിട്ട പഴയവീടിെൻറ പിൻവാതിൽ കുത്തിത്തുറന്ന് ഉള്ളിൽ താമസിച്ചുവരുകയായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി കോഴിക്കോട്ടെ വിവിധ വനിത ഹോസ്റ്റലുകളിലും സ്വകാര്യ ആശുപത്രികളിലും വീടുകളിലും പൂർണനഗ്നനായി പുലർച്ച എത്തി മോഷണം നടത്തുകയായിരുന്നു. ഇയാൾ താമസിച്ച വീട്ടിൽനിന്ന് വിലകൂടിയ 24 മൊബൈൽ ഫോൺ, സ്വർണവള, സ്വർണമാല എന്നിവ പൊലീസ് പിടിച്ചെടുത്തു.
സ്ത്രീകൾക്കുനേരെ ആക്രമണം നടത്തിയതിന് കണ്ണൂർ, കൊയിലാണ്ടി പൊലീസ് സ്റ്റേഷനുകളിൽ വധശ്രമം അടക്കം നിരവധി കേസുകളും നിലവിലുണ്ട്. വെള്ളിയാഴ്ച രാവിലെ കല്ലായി റോഡിലെ വീട്ടിൽ പ്രതി വന്നതറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. പൊലീസിനെ കണ്ട് ഇയാൾ കെട്ടിടത്തിനു മുകളിൽനിന്ന് ചാടി ഒാടിയപ്പോൾ പൊലീസും നാട്ടുകാരും ഒന്നര മണിക്കൂറോളം പിന്തുടർന്നാണ് പിടികൂടിയത്. കോഴിക്കോട് എരഞ്ഞിപ്പാലം മലബാർ ഹോസ്പിറ്റൽ, മാവൂർ റോഡിലെ നാഷനൽ ഹോസ്പിറ്റൽ, പി.വിഎസ് എന്നിവിടങ്ങളിൽ ഇയാൾ നഴ്സുമാർക്കുനേരെ അശ്ലീലമായി പെരുമാറിയെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.