കോഴിക്കോട്: മെഡിക്കൽ കോളജ് സർജിക്കൽ ഐ.സി.യുവിൽ രോഗിയെ അറ്റൻഡർ പീഡിപ്പിച്ചെന്ന കേസിൽ അതിജീവിതയെ പരിശോധിച്ച ഡോക്ടർ മൊഴി നൽകിയത് പ്രതിക്ക് അനുകൂലമായെന്ന് പരാതി. കേസ് ആവശ്യാർഥം അതിജീവിത മൊഴിപ്പകർപ്പ് ആവശ്യപ്പെട്ടപ്പോഴാണ് ഇക്കാര്യം പുറത്തുവന്നത്. പരാതിക്കാരിയെ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡോ. കെ.വി. പ്രീതയെയാണ് അന്നത്തെ ഐ.എം.സി.എച്ച് സൂപ്രണ്ട് ചുമതലപ്പെടുത്തിയിരുന്നത്.
രോഗിയുടെ രഹസ്യഭാഗത്ത് പരിക്കോ രക്തസ്രാവമോ കണ്ടിട്ടില്ലെന്നാണ് അതിജീവിതയെ പരിശോധിച്ച ഗൈനക്കോളജിസ്റ്റ് പൊലീസിന് നൽകിയ മൊഴി. ബാഹ്യമോ ആന്തരികമോ ആയ അവയവങ്ങൾക്ക് പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ല. അതിനാൽ സാമ്പിളുകളൊന്നും ശേഖരിച്ചിട്ടില്ല. രഹസ്യഭാഗത്തിന്റെ അകത്തേക്ക് കൈവിരലോ മറ്റെന്തെങ്കിലുമോ കടന്നതായി ആ സമയം രോഗി തന്നോട് പറഞ്ഞിരുന്നില്ലെന്നും ഡോക്ടർ പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. താൻ ഡോക്ടറോട് പറഞ്ഞതിന് വിപരീതമായാണ് മൊഴിയെന്ന് അതിജീവിത ആരോപിച്ചു. പ്രതി ശശീന്ദ്രൻ ക്രൂരമായി പീഡിപ്പിച്ചതും രക്തസ്രാവം ഉണ്ടായതും ഡോക്ടറോട് പറഞ്ഞതാണ്. തനിക്ക് വേദനയുണ്ടെന്നും മൂത്രമൊഴിക്കുമ്പോൾ പ്രയാസമുണ്ടെന്നും പറഞ്ഞിരുന്നു. ഇക്കാര്യങ്ങളെല്ലാം പൊലീസിന് കൊടുത്ത മൊഴിയിലും പറഞ്ഞിട്ടുണ്ട്.
ഡോക്ടർ തന്നെ പരിശോധിക്കുമ്പോൾ കൂടെയുണ്ടായിരുന്ന ഹെഡ്നഴ്സും ഡോക്ടറോട് പരിക്കുകളെക്കുറിച്ച് പറഞ്ഞിരുന്നു. അപ്പോൾ വളരെ മോശമായ രീതിയിലായിരുന്നു അവരുടെ പ്രതികരണമെന്നും അതിജീവിത പറഞ്ഞു.
അതേസമയം, ഡോക്ടർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത മെഡിക്കൽ കോളജ് പ്രിൻസിപ്പൽ എൻ. അശോകനും സിറ്റി പൊലീസ് കമീഷണർക്കും പരാതി നൽകി. പ്രതിയായ ശശീന്ദ്രന് അനുകൂലമായാണ് ഡോക്ടറുടെ മൊഴി. കേസിൽ പുനരന്വേഷണം വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. വിഷയം ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രിക്ക് പരാതി നൽകുമെന്നും യുവതി അറിയിച്ചു.
അതിനിടെ, സംഭവത്തിൽ പ്രതിയുടെ ജാമ്യം റദ്ദാക്കുക, പുനരന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് അഭിഭാഷകൻ ഗജേന്ദ്രസിങ് പുരോഹിത് മുഖാന്തരം ഹൈകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അതിജീവിത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.