കോഴിക്കോട്: മെഡിക്കൽ കോളജിലെ സർജിക്കൽ ഐ.സി.യുവിൽ യുവതി പീഡനത്തിനിരയായ കേസിൽ ആരോപണവിധേയരായ ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ച വിഷയത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ വിശദീകരണം തേടി. ആരോഗ്യ വകുപ്പിന്റെയോ സർക്കാറിന്റെയോ അറിവില്ലാതെയാണ് കോളജ് പ്രിൻസിപ്പൽ ജീവനക്കാരെ തിരിച്ചെടുത്തതെന്നാണ് ആക്ഷേപം. എന്തുകൊണ്ടാണ് ഇവരെ തിരിച്ചെടുത്തതെന്ന് വിശദീകരിക്കണമെന്നാണ് ഡി.എം.ഇ ആവശ്യപ്പെട്ടത്. ജീവക്കാർക്കെതിരായ കുറ്റം തെളിയിക്കപ്പെട്ടില്ലെന്നും നിയമനടപടി തുടരുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രിൻസിപ്പൽ സസ്പെൻഷൻ റദ്ദാക്കിയത്.
പരാതി പിൻവലിക്കാൻ യുവതിക്കമേൽ സമ്മർദം ചെലുത്തിയെന്ന കേസിൽ ആരോപണ വിധേയരായ അഞ്ചുജീവനക്കാരെയാണ് ഇക്കഴിഞ്ഞ 31ന് സർവിസിൽ തിരിച്ചെടുത്തത്. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഇ.വി. ഗോപി സർവിസിൽ നിന്ന് വിരമിക്കുന്ന ദിവസമായിരുന്നു സസ്പെൻഷൻ റദ്ദാക്കി ഉത്തരവിട്ടത്. മന്ത്രി നേരിട്ടിടപെട്ട കേസായിട്ടുപോലും സർക്കാറിന്റെയോ ആരോഗ്യ മന്ത്രിയുടെയോ വിദ്യാഭ്യാസ മെഡിക്കൽ ഡയറക്ടറുടെയോ അറിവില്ലാതെയാണ് സസ്‌പെൻഷൻ പിൻവലിച്ചതെന്നും ആരോപണമുണ്ട്.
കേസന്വേഷണംപോലും പൂർത്തിയാവുന്നതിനുമുമ്പ് ആരോപണവിധേയരായ ജീവനക്കാരെ തിരിച്ചെടുത്തത് ഏറെ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഭരണാനുകൂല സംഘടനാ നേതാവ് പ്രതിയായ കേസിൽ കുറ്റക്കാരെ സംരക്ഷിക്കാൻ നേരത്തെതന്നെ ശ്രമം നടന്നിരുന്നു. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്നാണ് യുവതിയുടെ പരാതിയിൽ നടപടി സ്വീകരിക്കാൻ അധികൃതർ തയാറായത്. സംഭവത്തിൽ പീഡനക്കേസും ഇരയെ ഭീഷണിപ്പെടുത്തിയതും രണ്ടും കേസുകളായാണ് അന്വേഷണം നടക്കുന്നത്. ഇരു കേസുകളിലും ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.