കൊച്ചി: കോഴിക്കോട് ഇരട്ടസ്ഫോടനക്കേസുമായി ബന്ധപ്പെട്ട അപ്പീലിൽ വാദത്തിനായി തടിയന്‍റവിട നസീറിനെ ബംഗളൂരുവിലെ ജയിലിൽ നിന്ന് ഹൈകോടതിയിലെത്തിച്ചു. കേസിൽ മൂന്ന് ജീവപര്യന്തം തടവിന് ശിക്ഷിച്ച എൻ.ഐ.എ കോടതി ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ അപ്പീൽ ഹരജിയിലാണ് പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽനിന്ന് നസീറിനെ പൊലീസ് കൊച്ചിയിൽ കൊണ്ടുവന്നത്. നേരിട്ടാണ് വാദിക്കുന്നതെന്ന് നസീർ ഹൈകോടതിയെ അറിയിച്ചതിനെ തുടർന്ന് രജിസ്ട്രിയുടെ നിർദേശ പ്രകാരമായിരുന്നു നടപടി.
നസീറിനെ എത്തിച്ചിരുന്നെങ്കിലും അഭിഭാഷകനും ഹാജരായിരുന്നു. നസീറിന്‍റെ ആവശ്യപ്രകാരമാണ് ഹാജരാകുന്നതെന്ന് അഭിഭാഷകൻ അറിയിച്ചതിനെ തുടർന്ന് കോടതിയിൽ വെച്ച് തന്നെ വക്കാലത്തും ഒപ്പിട്ടു നൽകി. തുടർന്ന് പ്രതിയെ തിരികെ കൊണ്ടുപോകാൻ അനുവദിച്ച ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നടപടികൾ കാണണമെന്നുണ്ടെങ്കിൽ ഓൺലൈൻ വഴി ഹാജരാകാമെന്നും വ്യക്തമാക്കി. കേസിൽ എൻ.ഐ.എക്ക് വേണ്ടി അഡീ. സോളിസിറ്റർ ജനറലിന് ഹാജരാകേണ്ടതുണ്ടെന്ന് അസി. സോളിസിറ്റർ ജനറൽ അറിയിച്ചതിനെ തുടർന്ന് ഹരജി വീണ്ടും ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി.
2006 മാർച്ചിൽ കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലും മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലുമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ടാണ് ഒന്നാം പ്രതിയായ നസീറിന് കൊച്ചിയിലെ പ്രത്യേക എൻ.ഐ.എ കോടതി മൂന്ന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. നാലാം പ്രതി ഷഫാസിന് ഇരട്ടജീവപര്യന്തവും വിധിച്ചു. ഇരുവരും ഇതിനെതിരെ നൽകിയ അപ്പീലാണ് ഡിവിഷൻ ബെഞ്ചിന്‍റെ പരിഗണനയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.