കോഴിക്കോട്: ജില്ലയിലെ എസ്.എഫ്.ഐ പ്രവര്‍ത്തകരായ അലനും താഹക്കും എതിരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ റിയാസ് മൗലവി വധക്കേസ് പ്രതികളെ യു.എ.പിയെ ഉള്‍പ്പെടെ ചുമത്താതെ രക്ഷപ്പെടാന്‍ പഴുതൊരുക്കുകയായിരുന്നുവെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്‍. റിയാസ് മൗലവി വധക്കേസില്‍ യു.എ.പി.എ എടുക്കാത്ത നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി നടത്തിയ വാർത്തസമ്മേളത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഒരേസമയം ന്യൂനപക്ഷ ജനവിഭാഗത്തിന് വേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കുകയും വേട്ടക്കാര്‍ക്ക് ഒപ്പം വേട്ടയാടുകയും ചെയ്യുന്ന രീതിയാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റേതെന്ന് എം.കെ. രാഘവന്‍ കുറ്റപ്പെടുത്തി. റിയാസ് മൗലവി വധക്കേസില്‍ പ്രോസിക്യൂഷന്റെയും സംസ്ഥാന ആഭ്യന്തര വകുപ്പിന്റെയും വീഴ്ച വ്യക്തമാണ്. ഈ വീഴ്ച മനപ്പൂര്‍വ്വം ആണെന്ന് പൊതുസമൂഹം സംശയിക്കുന്നു. പ്രതികളും സി.പി.എമ്മുമായി ഉണ്ടാക്കിയ ധാരണ എന്തെന്ന് പൊതുസമൂഹത്തോട് വെളിപ്പെടുത്താന്‍ അവര്‍ തയ്യാറാവണം, എം.കെ. രാഘവന്‍ പറഞ്ഞു. കേരളത്തിൽ സി.പി.എം ബി.ജെ.പിയുടെ ബി ടീമാണെന്നും എം.കെ. രാഘവൻ കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ മാത്രമാണ് സി.പി.എമ്മിന് മതന്യൂനപക്ഷ സ്നേഹം വരുന്നത്. പൗരത്വ സമരത്തിലെ കേസുകള്‍ ഇതിന് ഉദാഹരണമാണെന്നും രാഘവന്‍ പറഞ്ഞു. അക്രമസ്വഭാവമുള്ളത് എന്ന് പറഞ്ഞ് ഇതുവരെ പിന്‍വലിക്കാത്ത കേസുകള്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് നോട്ടിഫിക്കേഷന്‍ വന്ന ശേഷമാണ് പിന്‍വലിക്കാന്‍ തയാറാണന്ന് പിണറായി പൊലീസ് പറയുന്നത്. നോട്ടിഫിക്കേഷന്‍ വന്നാല്‍ പിന്നെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് എല്ലാവര്‍ക്കും അറിയാം.
ഇത് സി.പി.എമ്മിന്റെ മതന്യൂനപക്ഷങ്ങളെ കമ്പളിപ്പിക്കുന്ന ഏര്‍പ്പാടാണ്. ഇത് ന്യൂനപക്ഷങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ട്. അവര്‍ ഇതൊരു തെരഞ്ഞെടുപ്പ് സ്റ്റെണ്ട് എന്നതിലപ്പുറത്ത് വേറെന്നും കാണുന്നില്ല, അവസരവാദപരമായ രാഷ്ട്രീയമാണ് സി.പി.എം കളിക്കുന്നത്. അതുകൊണ്ടൊന്നും മതന്യൂനപക്ഷ വോട്ടുകള്‍ ഒരിക്കലും കിട്ടാന്‍ പോകുന്നില്ല. ന്യൂനപക്ഷങ്ങള്‍ യു.ഡി.എഫിന് ഒപ്പമാണെന്നും ന്യൂനപക്ഷങ്ങള്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കുകയാണെന്നും രാഘവന്‍ പറഞ്ഞു. ദേശീയ രാഷ്ട്രീയത്തില്‍ മാറ്റം വരുത്തുന്ന ഒരു തെരഞ്ഞെടുപ്പാകും ഇതെന്നും ഈ ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ ദേശീയ രാഷ്ട്രീയത്തില്‍ മാറ്റം വരും നിലവിലുള്ള ഭരണകൂടം താഴെയിറക്കുക എന്ന പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പില്‍ നടക്കുന്നതെന്നും രാഘവൻ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.