മിണ്ടരുത്; ത​രൂ​ർ വിഷയത്തിൽ പ​ര​സ്യ​പ്ര​തി​ക​ര​ണം വി​ല​ക്കി കെ.​പി.​സി.​സി

തിരുവനന്തപുരം: കോണ്‍ഗ്രസിന്‍റെ ഐക്യത്തെയും കെട്ടുറപ്പിനെയും ബാധിക്കുന്ന പ്രവര്‍ത്തനങ്ങളും പരസ്യപ്രതികരണങ്ങളും ഉണ്ടാകരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി കര്‍ശന നിർദേശം നല്‍കി. ആഭ്യന്തര ജനാധിപത്യം ഉറപ്പാക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. പരസ്യ പ്രതികരണം പാര്‍ട്ടിക്ക് ഗുണകരമല്ല. ശശി തരൂര്‍ വിഷയവുമായി ബന്ധപ്പെട്ട് പൊതുജനമധ്യത്തില്‍ കോണ്‍ഗ്രസിന് അവമതിപ്പ് ഉണ്ടാക്കുന്ന പ്രവൃത്തികളില്‍നിന്ന് നേതാക്കള്‍ പിന്തിരിയണം. മറ്റുവിഷയങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യും.

കോണ്‍ഗ്രസില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ശശി തരൂരിനുണ്ട്. സമുന്നത നേതാവായ ശശി തരൂരിന് ബന്ധപ്പെട്ട ജില്ല കോണ്‍ഗ്രസ് കമ്മിറ്റികളുമായി കൂടിയാലോചിച്ച് ഔദ്യോഗിക പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാന്‍ തടസ്സമില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

തരൂർ വിഷയത്തിൽ നേതൃത്വത്തെ പരസ്യമായി വിമർശിച്ച് കെ. മുരളീധരൻ രംഗത്തെത്തിയതോടെ വിഷയം ചൂടുപിടിച്ചു. തരൂരിനെ പാർട്ടി പരിപാടികളിൽനിന്ന് വിലക്കിയതിൽ അന്വേഷണമാവശ്യപ്പെട്ട് എം.കെ. രാഘവൻ എം.പിയും പരോക്ഷമായി തരൂർ തന്നെയും നിലപാട് സ്വീകരിച്ചതും നേതൃത്വത്തിന് വെല്ലുവിളിയായി. അതിനാലാണ് പരസ്യ പ്രതികരണം തടഞ്ഞ് നേതൃത്വം രംഗത്തെത്തിയത്. തരൂരിനെ വിലക്കിയതിനു പിന്നിൽ മുഖ്യമന്ത്രിക്കുപ്പായം ലക്ഷ്യമിട്ടവരെന്ന കെ. മുരളീധരന്റെ പരാമർശം വിവാദത്തിന്റെ സ്വഭാവം മാറ്റി. കെ. സുധാകരൻ, വി.ഡി. സതീശൻ തുടങ്ങിയവരെ ലക്ഷ്യമിട്ട് കെ. മുരളീധരൻ പ്രതികരിച്ചതോടെ വിവാദം മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണ്. വിഷയത്തിൽ തന്നിൽനിന്ന് മറുപടി പ്രതീക്ഷിക്കേണ്ടെന്ന നിലപാടാണ് വി.ഡി. സതീശന്‍റേത്. പരാതിയുമായി എം.കെ. രാഘവൻ മുന്നോട്ടുപോകരുതെന്ന രാജ്മോഹൻ ഉണ്ണിത്താന്‍റെ പരാമർശവും വിവാദങ്ങൾക്ക് ഇന്ധനം പകർന്നു. തരൂർ മത്സരിച്ചപ്പോൾ അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്യാൻ ശ്രമിച്ചയാളാണ് ഉണ്ണിത്താനെന്ന ആക്ഷേപം പാർട്ടിക്കുള്ളിലുണ്ട്.

പാര്‍ട്ടിയും പോഷക സംഘടനകളും ഇടത് സര്‍ക്കാറിന്റെ ജനദ്രോഹ ഭരണത്തിനെതിരായ പോര്‍മുഖത്താണെന്നും അതില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളെ ഗൗരവത്തോടെയാണ് കെ.പി.സി.സി കാണുന്നതെന്നും സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ മോശക്കാരാണെന്ന രീതിയില്‍ നടക്കുന്ന പ്രചാരണങ്ങൾ വെച്ചുപൊറുപ്പിക്കില്ല. ഐക്യത്തെ തുരങ്കംവെക്കുന്ന എല്ലാ ശ്രമങ്ങളെയും ഗൗരവത്തോടെ കൈകാര്യം ചെയ്യുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.

നേതാക്കളുടെ സ്വതന്ത്രമായ സംഘടനാപ്രവര്‍ത്തനത്തിന് വിഘാതം സൃഷ്ടിക്കുന്ന നടപടികള്‍ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താന്‍ ഡി.സി.സികള്‍ക്ക് കെ.പി.സി.സി കര്‍ശന നിർദേശം നല്‍കിയിട്ടുണ്ട്. പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതില്‍നിന്ന് ശശി തരൂരിനെ തടഞ്ഞെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. അത് അദ്ദേഹവും നിഷേധിച്ചിട്ടുണ്ട്. വിവാദങ്ങള്‍ മാധ്യമസൃഷ്ടിയാണ്. അത്തരം വ്യാജ പ്രചാരണങ്ങളില്‍നിന്ന് സ്വയം മാറിനില്‍ക്കാന്‍ നേതാക്കളും പ്രവര്‍ത്തകരും ജാഗ്രത പുലര്‍ത്തണമെന്നും സുധാകരന്‍ പറഞ്ഞു.

Tags:    
News Summary - KPCC bans comments on Tharoor issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.