File Pic

കെ. സുധാകരനും വി.ഡി. സതീശനും ഒരുമിച്ചുള്ള വാര്‍ത്താസമ്മേളനം ഒഴിവാക്കി

പത്തനംതിട്ട: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനും സംയുക്തമായി നടത്താനിരുന്ന വാർത്താസമ്മേളനം ഒഴിവാക്കി. കെ.പി.സി.സി സംഘടിപ്പിക്കുന്ന 'സമരാഗ്നി'യുടെ ഭാഗമായി രാവിലെ 10 മണിക്ക് പത്തനംതിട്ടയിൽ നടത്താനിരുന്ന വാർത്താസമ്മേളനമാണ് ഒഴിവാക്കിയത്.

ഇരു നേതാക്കളും പങ്കെടുക്കുന്ന സംയുക്ത വാർത്താസമ്മേളനത്തിനായി പത്തനംതിട്ട അബാൻ ഓഡിറ്റോറിയത്തിൽ എല്ലാ ക്രമീകരണങ്ങളും സംഘാടകർ ഒരുക്കിയിരുന്നു. മാധ്യമപ്രവർത്തകരും എത്തിയിരുന്നു. അവസാന നിമിഷമാണ് വാർത്താസമ്മേളനം ഉപേക്ഷിച്ചെന്ന അറിയിപ്പ് വരുന്നത്.

പ്രതിപക്ഷ നേതാവ് എറണാകുളത്ത് നിന്ന് എത്താൻ വൈകുന്നതാണ് വാർത്താസമ്മേളനം ഒഴിവാക്കാൻ കാരണമെന്നാണ് വിശദീകരണം. സമയക്കുറവുകൊണ്ടാണ് വാർത്താ സമ്മേളനം ഒഴിവാക്കിയതെന്ന് പത്തനംതിട്ട ഡി.സി.സി പ്രസിഡൻ്റ് സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.

ആലപ്പുഴയിലെ സമരാഗ്നി പരിപാടിക്കിടെ പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ എത്താൻ വൈകിയതിൽ ക്ഷുഭിതനായി കെ.​ സുധാകരൻ പ്രതികരിച്ചത് വിവാദമായിരുന്നു. വി.ഡി. സതീശൻ കേന്ദ്ര നേതൃത്വത്തെ പരാതി അറിയിച്ചെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചതെന്നുമാണ് റിപ്പോർട്ടുകൾ. എന്നാൽ, താനും സതീശനും ജ്യേഷ്ഠാനുജൻമാരെ പോലെയാണെന്നും മാധ്യമങ്ങളാണ് വിവാദമുണ്ടാക്കിയതെന്നും സുധാകരൻ വിശദീകരിച്ചിരുന്നു.

Tags:    
News Summary - kpcc drops press meet in which VD Satheesan and K Sudhakaran participate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.