തിരുവനന്തപുരം: തൃശൂർ ലോക്സഭ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരന്റെ തോൽവിക്ക് പൂരം കലങ്ങിയതും കാരണമായെന്ന് കെ.പി.സി.സി അന്വേഷണ റിപ്പോർട്ട്. പൂരം കലങ്ങിയപ്പോൾ സുരേഷ് ഗോപിയുടെ രംഗപ്രവേശനം ബി.ജെ.പിയെ തുണച്ചു. പൂരം കലക്കൽ മുൻകൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്. സി.പി.എം-ആർ.എസ്.എസ് ധാരണയാണ് അതിനു പിന്നിൽ. ചില നടപടികൾ പൂരപ്രേമികളായ തൃശൂർക്കാരെ ജാതിവ്യത്യാസമില്ലാതെ വേദനിപ്പിച്ചു. പൂരാഘോഷ വേളയിൽ കെ. മുരളീധരനും സുനിൽകുമാറും പൂരപ്പറമ്പിൽ ഉണ്ടായിരുന്നു. എന്നാൽ, അനിഷ്ട സംഭവങ്ങൾ ഉണ്ടായപ്പോൾ അവർ ഉണ്ടായിരുന്നില്ല. സുരേഷ് ഗോപിയുടെ നാടകീയ രംഗപ്രവേശനം രക്ഷകന്റെ പരിവേഷം നൽകിയെന്നും റിപ്പോർട്ടിലുണ്ടെന്ന് കെ.പി.സി.സി അന്വേഷണ സംഘത്തെ നയിച്ച രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി. ജോസഫ് പറഞ്ഞു. കെ.സി. ജോസഫിനൊപ്പം കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ടി. സിദ്ദീഖ്, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന് എന്നിവരടങ്ങിയ സമിതിയാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് പ്രസിഡന്റ് കെ. സുധാകരന് സമർപ്പിച്ചത്.
തൃശൂർ തോൽവിക്ക് കാരണം, പൂരം വിവാദമല്ലെന്ന് കെ.പി.സി.സി അന്വേഷണ സമിതി കണ്ടെത്തിയതായി വാർത്ത പ്രചരിച്ചിരുന്നു. അത് അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കിയാണ് റിപ്പോർട്ടിലെ പ്രധാന വിവരങ്ങൾ കോൺഗ്രസ് പരസ്യമാക്കിയത്. കോൺഗ്രസിനെ അപകീര്‍ത്തിപ്പെടുത്തുകയും സി.പി.എം-ബി.ജെ.പി സഖ്യത്തെ വെള്ളപൂശുകയുമാണ് പ്രചാരണത്തിന്റെ ലക്ഷ്യമെന്ന് കെ. സുധാകരൻ പറഞ്ഞു.
തൃശൂരിൽ ആർ.എസ്.എസ്-സി.പി.എം അന്തർധാര മനസ്സിലാക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്ന സ്വയം വിമർശനവും കെ.പി.സി.സി റിപ്പോർട്ടിലുണ്ട്. കോൺഗ്രസിനെ തെരഞ്ഞുപിടിച്ച് ആക്രമിക്കാനും ബി.ജെ.പിയെ കണ്ടില്ലെന്ന് നടിക്കാനും സി.പി.എം നേതൃത്വം ശ്രമിച്ചു. രഹസ്യമായി വോട്ട് മറിച്ചു. അതുകാരണം ഇടതു കേന്ദ്രങ്ങളിൽ പോലും സുരേഷ് ഗോപി ഒന്നാം സ്ഥാനത്ത് വന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
കോഴിക്കോട്: തൃശൂർ പൂരം കലക്കൽ അന്വേഷണത്തിലും സർക്കാർ ഒത്തുകളിച്ചെന്നും പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ ഒത്താശയോടെയാണെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും എം.കെ. മുനീർ എം.എൽ.എ. പിന്നീട് നടന്ന സംഭവങ്ങൾ ഇതാണ് തെളിയിക്കുന്നതെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
അൻവർ ഉയർത്തിയ വിഷയങ്ങൾ ശരിയാണോ എന്ന് അന്വേഷിക്കുകയാണ് വേണ്ടത്. അല്ലാതെ കോൺഗ്രസ് പാരമ്പര്യം പറഞ്ഞു ഒഴിയുകയല്ല. പ്രതിപക്ഷ നിലപാട് നോക്കേണ്ട. പൊലീസിനെ കുറിച്ചുള്ള സി.പി.ഐ നിലപാട് എന്താണെന്നത് സർക്കാർ പരിഗണിക്കണം. സി.പി.ഐ ഇടതുമുന്നണിക്ക് അകത്ത് നടത്തുന്ന പോരാട്ടം പുറത്തും നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മലപ്പുറം: തൃശൂർ പൂരം അട്ടിമറിക്കേസിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. അന്വേഷണ റിപ്പോർട്ട് രാഷ്ട്രീയ പ്രഹസനമാണ്. ആരോപണവിധേയനായ എം.ആർ. അജിത് കുമാർതന്നെയാണ് അന്വേഷണം നടത്തിയത്. ആർ.എസ്.എസ് നേതാവുമായി രഹസ്യ ചർച്ച നടത്തിയ അജിത് കുമാർ അന്വേഷിച്ചാൽ എന്താണ് സംഭവിക്കുകയെന്നറിയാം. -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.