മാന്നാനം: പൊലീസ് വീഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിഞ്ഞില്ലെങ്കിൽ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ എം.എം. ഹസൻ. ഇതുസംബന്ധിച്ച അന്തിമ തീരുമാനം കെ.പി.സി.സി യോഗം സ്വീകരിക്കുമെന്നും ഹസൻ പറഞ്ഞു. കൊല്ലപ്പെട്ട കെവിന്‍റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഭ്യന്തര വകുപ്പ് പൂർണ പരാജയമാണെന്നും എത്രയും വേഗം അഴിച്ചു പണിയണമെന്നും ഹസൻ ആവശ്യപ്പെട്ടു. വാരാപ്പുഴയിലെ സംഭവത്തിന്‍റെ ആവർത്തനമാണ് കോട്ടയത്തേത്. വാരാപ്പുഴയിൽ ശ്രീജിത്തിനെ പൊലീസ് ഉരുട്ടിക്കൊന്നു. കെവിൻ പൊലീസിന്‍റെ അനാസ്ഥയിൽ കൊല്ലപ്പെട്ടു. ഫോണിൽ ബന്ധപ്പെട്ട പ്രതികളെ പിന്തുടർന്ന് പിടികൂടാൻ പൊലീസിന് സാധിക്കാത്തത് കൃത്യവിലോപമാണെന്നും ഹസൻ വ്യക്തമാക്കി.
പൊലീസ് തക്കസമയത്ത് പ്രവർത്തിച്ചിരുന്നെങ്കിൽ കെവിന്‍റെ ജീവൻ രക്ഷിക്കാമായിരുന്നു എന്നാണ് വാർത്തകളിലൂടെ മനസിലാകുന്നത്. നിലവിലെ അന്വേഷണം തൃപ്തികരമല്ല. കാരണം, കൊലയാളികളെ സംരക്ഷിക്കുന്ന തരത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കോടതിയുടെ നിരീക്ഷണത്തിലുള്ള ഐ.ജിയുടെ അന്വേഷണമാണ് വേണ്ടതെന്നും ഹസൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.