തിരുവനന്തപുരം: കെ.പി.സി.സി പുനഃസംഘടനയിൽ അഞ്ചുവർഷം ഭാരവാഹികളായിരുന്നവരെ പരിഗണിക്കേണ്ടെന്ന് ധാരണ. കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി നടത്തിയ കൂടിയാലോചനയിലാണ് തീരുമാനം. കാലപരിധി 10 വർഷമായി നിശ്ചയിക്കണമെന്ന അഭിപ്രായം ഉയർന്നെങ്കിലും അഞ്ച് മതിയെന്ന പ്രസിഡൻറിെൻറ അഭിപ്രായത്തോട് ചർച്ചക്കൊടുവിൽ എല്ലാവരും യോജിക്കുകയായിരുന്നു. വൈസ് പ്രസിഡൻറ്, ജന:സെക്രട്ടറി പദവികളിൽ അഞ്ചുവർഷം പൂർത്തീകരിച്ചവരെയായിരിക്കും മാറ്റിനിർത്തുക.
കാലപരിധി നിർണയം കാരണം പദവി നഷ്ടമാകുന്ന മുതിർന്ന നേതാക്കളെക്കൂടി ഉൾപ്പെടുത്താൻ കഴിയുംവിധം രാഷ്ട്രീയകാര്യസമിതി പുനഃസംഘടിപ്പിക്കണമെന്ന ആവശ്യം ഹൈകമാൻഡിനെ അറിയിക്കുന്നതിനും ധാരണയായി. എം.പി, എം.എൽ.എ പദവികൾ വഹിക്കുന്നവരെയും ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കില്ല.
ചർച്ചയിലെ ധാരണകൾ വർക്കിങ് പ്രസിഡൻറുമാരുമായി നടന്ന ചർച്ചയിൽ കെ.പി.സി.സി പ്രസിഡൻറ് അറിയിച്ചു. വ്യാഴാഴ്ച കോട്ടയത്തുനിന്ന് ആരംഭിച്ച് ഇൗമാസം 30ന് മലപ്പുറത്ത് അവസാനിക്കുന്ന കെ.പി.സി.സി പ്രസിഡൻറിെൻറ ജില്ല പര്യടന പരിപാടിക്കിടെ അതത് ജില്ലകളിലെ മുതിർന്ന നേതാക്കളുമായും ജില്ല-ബ്ലോക്ക്-മണ്ഡലം ഭാരവാഹികളുമായും പുനഃസംഘടന സംബന്ധിച്ച് വെവ്വേറെ ചർച്ച നടത്തും. കെ.പി.സി.സി ഭാരവാഹികളുടെ കാര്യത്തിൽ തീരുമാനമായശേഷമായിരിക്കും ഡി.സി.സി പുനഃസംഘടന.
അതിനിടെ, മഞ്ഞുരുക്കൽ ശ്രമങ്ങളുടെ ഭാഗമായി രമേശ് ചെന്നിത്തലയും ജോസഫ് വാഴക്കനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി കേൻറാൺമെൻറ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. ഭാരവാഹി നിർണയത്തിൽ സഹകരിച്ചു നീങ്ങുന്നതിെൻറ സാധ്യതകൾ തേടിയായിരുന്നു ചർച്ച എന്നാണറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.