കോട്ടയം: കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിലവിൽ ആരോപിക്കപ്പെടുന്ന ജാതി വിഷയങ്ങൾക്കും സംവരണ അട്ടിമറിക്കും ഡയറക്ടറുടെ രാജി പരിഹാരമായേക്കാമെങ്കിലും വിദ്യാർഥികൾ ഉന്നയിക്കുന്ന പ്രശ്നങ്ങൾ പിന്നെയും ബാക്കി. അടുക്കും ചിട്ടയുമുള്ള ഭരണസംവിധാനത്തിന്റെ അഭാവമാണ് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രധാന പോരായ്മ. ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പോലൊരു സ്ഥാപനം നടത്തിക്കൊണ്ടുപോകാനറിയാത്തവർ തലപ്പത്തിരുന്നതിന്റെ ദുര്യോഗമാണ് വിദ്യാർഥികൾ അനുഭവിക്കുന്നത്.
കൃത്യമായ സിലബസില്ല, അക്കാദമിക് കലണ്ടറില്ല, അഡ്മിഷൻ രജിസ്റ്ററില്ല. ഇതെല്ലാം വിദ്യാർഥികളുടെ ഗ്രാന്റ്സ് നിഷേധിക്കപ്പെടാൻ കാരണമായി. അക്കാദമിക് കലണ്ടർ ഇല്ലാത്തതിനാൽ തങ്ങൾ പഠിക്കുന്ന കോഴ്സിന്റെ കാലാവധി അറിയാൻ വിദ്യാർഥികൾക്കു മാർഗമില്ല. ജീവനക്കാരെക്കൊണ്ട് ഇതെല്ലാം കൃത്യമായി ചെയ്യിപ്പിക്കാനും ആളില്ല. ഫയലുകളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടിയിട്ടും പരിഹരിക്കാൻ ശ്രമിച്ചില്ലെന്ന് ഡയറക്ടർക്കെതിരെ പരാതി നൽകിയ ക്ലർക്ക് തന്നെ ആരോപിക്കുന്നുണ്ട്.
അഡ്മിഷൻ നമ്പറിനു പകരം ഫയലിൽ ഇഷ്ടമുള്ള നമ്പർ എഴുതിവെക്കാനായിരുന്നത്രേ ഡയറക്ടറുടെ നിർദേശം. 2021ൽ കാലാവധി കഴിഞ്ഞ കരാർ ജീവനക്കാർക്ക് ഇതുവരെ കരാർ പുതുക്കി നൽകിയിട്ടില്ല. എന്നാൽ, അവരെല്ലാം ജോലിക്കു ഹാജരാകുന്നുമുണ്ട്. 2019ൽ പ്രവേശനം നേടിയ ബാച്ച് പഠിച്ചിറങ്ങേണ്ട സമയം കഴിഞ്ഞിട്ടും മൂന്നാം സെമസ്റ്ററിലെത്തിയിട്ടേ ഉള്ളൂ എന്നതു മറ്റൊരു വീഴ്ച. കോവിഡാണ് ഈ വർഷം കാരണമായി ചൂണ്ടിക്കാട്ടുന്നതെങ്കിലും ഇതുവരെ ഒരു ബാച്ചും കൃത്യസമയത്ത് പഠിച്ചിറങ്ങിയിട്ടില്ല. 2013 മുതൽ നാലു ഡയറക്ടർമാർ വന്നിട്ടും ഇവർക്ക് സ്ഥാപനത്തിൽ മെച്ചപ്പെട്ട ഭരണസംവിധാനം കൊണ്ടുവരാൻ കഴിഞ്ഞില്ല. മുഴുവൻ സമയ ഡയറക്ടർ എത്തിയാൽ പ്രശ്നങ്ങൾക്കു പരിഹാരമാകുമെന്ന് കരുതി വിദ്യാർഥികൾ സമരം നടത്തിയ ശേഷമാണ് ശങ്കർ മോഹൻ ഡയറക്ടറായി എത്തുന്നത്. എന്നാൽ, അദ്ദേഹത്തിന്റെ വരവ് പ്രശ്നങ്ങൾ വഷളാക്കുക മാത്രമാണ് ചെയ്തത്. കുത്തഴിഞ്ഞ ഭരണസംവിധാനത്തെ അടുക്കിക്കെട്ടാൻ സർക്കാറിനു മാത്രമേ കഴിയൂ.
ചോദ്യത്തിൽനിന്ന് ഒഴിഞ്ഞുമാറി മന്ത്രി
തൃശൂർ: കോട്ടയം കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്ന ശങ്കർ മോഹനെതിരെ ഉയർന്ന ജാതിവിവേചന ആരോപണം ശരിയായിരുന്നോയെന്ന ചോദ്യത്തിൽനിന്ന് ഒഴിഞ്ഞുമാറി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു.
‘ജാതിവിവേചനമടക്കമുന്നയിച്ച് വിദ്യാർഥികളുടെ പരാതികൾ ലഭിച്ചിരുന്നു. ഇക്കാര്യം ഉന്നത വിദ്യാഭ്യാസ വകുപ്പും മുഖ്യമന്ത്രി നിയോഗിച്ച സമിതിയും അന്വേഷിച്ചിരുന്നു. രണ്ട് സമിതികളും നൽകിയ റിപ്പോർട്ടുകളുടെയും ഉള്ളടക്കം ഒന്നായിരുന്നു. സമിതികൾ പ്രശ്നങ്ങൾ പഠിക്കുക മാത്രമല്ല, അതിനുള്ള പരിഹാരമാർഗങ്ങളും നിർദേശിച്ചിരുന്നു. റിപ്പോർട്ട് നടപ്പാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. അപ്പോഴാണ് ശങ്കർ മോഹൻ രാജിവെച്ചതായി അറിഞ്ഞത്’. തന്റെ ഓഫിസിലും കത്ത് എത്തിയതായി അറിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ മന്ത്രി, ശങ്കർ മോഹനെതിരെ ഉയർന്ന ആരോപണം ശരിയാണോ എന്ന ചോദ്യത്തോട് പ്രതികരിക്കാൻ തയാറായില്ല.
‘സർക്കാർ നിലപാട് അറിയട്ടെ, എന്നിട്ട് സമരം പിൻവലിക്കാം’
കോട്ടയം: തങ്ങളുന്നയിച്ച വിഷയങ്ങളിൽ സർക്കാർ നിലപാട് അറിഞ്ഞശേഷം സമരം പിൻവലിക്കുന്നകാര്യം ആലോചിക്കാമെന്ന് കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾ. ഡയറക്ടറുടെ രാജി മാത്രമല്ല തങ്ങളുന്നയിച്ചത്.
ഇ-ഗ്രാന്റ്സ്, കാന്റീൻ ഫീസ് തുടങ്ങി നിരവധി വിഷയങ്ങൾ വേറെയുമുണ്ട്. അക്കാര്യത്തിൽ എന്താണ് സർക്കാർ നിലപാട് എന്നറിയണം. അന്വേഷണ കമീഷന്റെ റിപ്പോർട്ടിലെ വിവരങ്ങൾ വെളിപ്പെടണമെന്നും വിദ്യാർഥികൾ പറഞ്ഞു. ഡിസംബർ അഞ്ചിനാണ് സ്റ്റുഡന്റ്സ് കൗൺസിലിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ സമരം ആരംഭിച്ചത്. രണ്ടു ബാച്ചിലായി 82 വിദ്യാർഥികളും സമരത്തിലുണ്ട്.
ക്രിസ്മസ് ദിനം മുതൽ നിരാഹാരം പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ല കലക്ടർ ഇടപെട്ട് ഇൻസ്റ്റിറ്റ്യൂട്ട് അടച്ചിടുകയായിരുന്നു. രണ്ടുതവണ ഇൻസ്റ്റിറ്റ്യൂട്ട് തുറക്കൽ നീട്ടിയിരുന്നു. 21 വരെ സ്ഥാപനം അടച്ചിടാനായിരുന്നു അവസാന ഉത്തരവ്. അതുപ്രകാരം തിങ്കളാഴ്ച ക്ലാസ് തുടങ്ങേണ്ടതാണ്. ഇതിനിടെ വിദ്യാർഥികൾ സിനിമാരംഗത്തുനിന്നുള്ള കലാകാരൻമാരെ പങ്കെടുപ്പിച്ച് ക്ലാസുകൾ തുടരുന്നുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.