കണ്ണൂർ: സി.പി.എം കണ്ണപുരം ചുണ്ട ബ്രാഞ്ച് അംഗമായിരുന്ന അലച്ചി ഹൗസിൽ റിജിത്ത് ശങ്കരനെ (25) കൊലപ്പെടുത്തിയ കേസിൽ ശിക്ഷ വിധി വരുന്നത് 19 വർഷങ്ങൾക്ക് ശേഷം. കുറ്റവാളികളായി കോടതി കണ്ടെത്തിയ ഒമ്പത് ആർ.എസ്.എസ്- ബി.ജെ.പി പ്രവർത്തകർക്കുള്ള ശിക്ഷ ഏതാനും മണിക്കൂറുകൾക്കകം വിധിക്കും. 19 വർഷത്തിനിടെ 5 ജഡ്ജിമാരാണ് കേസിൽ വാദം കേട്ടത്.
2005 ഒക്ടോബർ മൂന്നിന് രാത്രി 7.45നാണ് കണ്ണപുരം ചുണ്ട തച്ചങ്കണ്ടിയിൽ ക്ഷേത്രത്തിനു സമീപം റിജിത്ത് കൊല്ലപ്പെട്ടത്. ആർ.എസ്.എസ് ശാഖ നടത്തുന്നതിനെച്ചൊല്ലിയുള്ള സംഘർഷത്തിന്റെ തുടർച്ചയായാണ് കൊലപാതകമെന്നാണ് കേസ്. ക്ഷേത്രത്തിനടുത്ത കിണറിനു പിന്നിൽ പതിയിരുന്ന പ്രതികൾ ആയുധങ്ങളുമായി റിജിത്തിനെയും മറ്റും ആക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകരായ കെ.വി. നികേഷ്, ആർ.എസ്. വികാസ്, കെ.എൻ. വിമൽ എന്നിവർക്കും പരിക്കേറ്റിരുന്നു. വാക്കത്തി, കഠാര, വടിവാൾ, വലിയ കഠാര, സ്റ്റീൽപൈപ്പ് എന്നിവയാണ് കൊലക്ക് ഉപയോഗിച്ചത്. ചോരപുരണ്ട ആയുധങ്ങളും പ്രതികളുടെ വസ്ത്രവും പൊലീസ് കണ്ടെത്തി. വീട്ടിലേക്ക് നടന്നുപോവുമ്പോഴായിരുന്നു ആക്രമണം.
10 പ്രതികളുണ്ടായിരുന്ന കേസിൽ മൂന്നാം പ്രതി കണ്ണപുരം ചുണ്ടയിലെ കൊത്തില താഴെവീട്ടിൽ അജേഷ് വാഹനാപകടത്തിൽ മരിച്ചിരുന്നു. മറ്റുപ്രതികളായ കണ്ണപുരം ചുണ്ട സ്വദേശികളായ വയക്കോടൻ വീട്ടിൽ സുധാകരൻ (57), കോത്തിലതാഴെ വീട്ടിൽ ജയേഷ് (41), ചാങ്കുളത്ത്പറമ്പിൽ രഞ്ജിത്ത് (44), പുതിയപുരയിൽ അജീന്ദ്രൻ (51), ഇല്ലിക്കവളപ്പിൽ അനിൽകുമാർ (52), പുതിയപുരയിൽ രാജേഷ് (46), കണ്ണപുരം ഇടക്കേപ്പുറം സ്വദേശികളായ വടക്കേവീട്ടിൽ ശ്രീകാന്ത് (47), സഹോദരൻ ശ്രീജിത്ത് (43), തെക്കേവീട്ടിൽ ഭാസ്കരൻ (67) എന്നിവരെയാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. ഇവർക്കുള്ള ശിക്ഷ ഇന്ന് രാവിലെ 11ന് തലശ്ശേരി അഡീഷനൽ ജില്ല സെഷൻസ് കോടതി (മൂന്ന്) ജഡ്ജി റൂബി കെ. ജോസാണ് പ്രഖ്യാപിക്കുക.
ഇന്ത്യൻ ശിക്ഷ നിയമത്തിലെ കൊലപാതകം (302), വധശ്രമം (307), അന്യായമായി സംഘംചേരൽ (143), സംഘം ചേർന്ന് ലഹളയുണ്ടാക്കൽ (147), തടഞ്ഞുവെക്കൽ (341), ആയുധം ഉപയോഗിച്ച് പരിക്കേൽപിക്കൽ (324) വകുപ്പുകൾ പ്രകാരം പ്രതികൾ കുറ്റം ചെയ്തതായി കോടതി കണ്ടെത്തി. ഒന്ന്, രണ്ട്, നാല്, അഞ്ച്, ആറ്, 10 പ്രതികൾ ആയുധവുമായി സംഘം ചേർന്നതിന് 148, 149 വകുപ്പ് പ്രകാരം കുറ്റക്കാരാണ്.
വളപട്ടണം സി.ഐ ടി.പി. പ്രേമരാജനാണ് കേസ് അന്വേഷിച്ചത്. 2006 മാർച്ച് 14ന് കുറ്റപത്രം നൽകി. കേസിൽ 28 സാക്ഷികളെ വിസ്തരിച്ചു. 59 രേഖകളും 50 തൊണ്ടിമുതലുകളും അടയാളപ്പെടുത്തി. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ബി.പി. ശശീന്ദ്രൻ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.