കോട്ടയം: ജാതിവിവേചനം അടക്കമുള്ള പ്രശ്നങ്ങളെ തുടർന്ന് വിദ്യാർഥി സമരം നടക്കുന്ന തെക്കുംതല കെ.ആർ. നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ശനിയാഴ്ച മുതൽ ജനുവരി എട്ടുവരെ അടച്ചിടാൻ ജില്ല മജിസ്ട്രേറ്റുകൂടിയായ ജില്ല കലക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവിട്ടു. ഹോസ്റ്റലുകൾ ഒഴിയണമെന്നും ഉത്തരവിൽ പറയുന്നു.
പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം രണ്ടംഗ ഉന്നതതല കമ്മീഷനെ നിയമിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലറും മുൻ ചീഫ് സെക്രട്ടറിയും ഐ.എം.ജി ഡയറക്ടറുമായ കെ ജയകുമാർ, നുവാൽസ് മുൻ വൈസ് ചാൻസലറും മുൻ നിയമസഭാ സെക്രട്ടറിയുമായ ഡോ. എൻ.കെ. ജയകുമാർ എന്നിവരാണ് കമ്മീഷൻ. അന്വേഷണ റിപ്പോർട്ട് രണ്ടാഴ്ചക്കകം നൽകണമെന്ന് കമ്മീഷന് നിർദ്ദേശം നൽകി.
പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിലാണ് രണ്ടാഴ്ചത്തേക്ക് അടച്ചിടാൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്ക് നിർദ്ദേശം നൽകിയത്. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഉത്തരവിന്മേൽ നടപടി സ്വീകരിക്കണം. 2011ലെ കേരള പൊലീസ് ആക്ടിലെ വകുപ്പ് 81 പ്രകാരമാണ് നടപടി. ഡിസംബർ അഞ്ചുമുതൽ വിദ്യാർഥികളുടെ സമരം നടന്നുവരുകയാണ്.
ഡിസംബർ 25 മുതൽ വിദ്യാർഥികൾ നിരാഹാരസമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാനിടയുണ്ടെന്നും ക്രമസമാധാനപാലനത്തെ ദോഷകരമായി ബാധിക്കാനിടയുണ്ടെന്നും കാട്ടി സബ് ഡിവിഷനൽ മജിസ്ട്രേറ്റുകൂടിയായ സബ് കലക്ടർ നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.