അഗ്നിപഥിനേക്കാള്‍ 'കൃഷിപഥി'നാണ് പ്രാധാന്യം നല്‍കേണ്ടത്- മന്ത്രി പി.പ്രസാദ്

കോഴിക്കോട് : 'അഗ്നിപഥി'നേക്കാള്‍ 'കൃഷിപഥി'നാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് മന്ത്രി പി.പ്രസാദ്. സംസ്ഥാന വിള ഇന്‍ഷുറന്‍സ് ദിനാചരണത്തിന്റെയും ജൂലൈ ഒന്ന് മുതല്‍ ഏഴ് വരെയുള്ള വിള ഇന്‍ഷുറന്‍സ് വാരാചരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം കുടപ്പനക്കുന്ന് കൃഷിഭവനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഭാവി തലമുറയ്ക്ക് സുരക്ഷിതമായി ജീവിക്കാന്‍ കൃഷിയെയും കൃഷിക്കാരെയും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. കാര്‍ഷിക മേഖലയെ ബാധിച്ചിരിക്കുന്ന മറ്റൊരു പ്രശ്‌നമാണ് കേരളത്തിന്റെ മാറിയ കാലാവസ്ഥ. സമയം തെറ്റിപ്പെയ്യുന്ന മഴയില്‍ വിളവെടുക്കാറായ കാര്‍ഷിക വിളകള്‍ നശിക്കുന്നത് കര്‍ഷകന് വലിയ ആഘാതമാണ്. ഇതില്‍ നിന്നും കര്‍ഷകനെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ വിള ഇന്‍ഷുറന്‍സ് നടപ്പിലാക്കുന്നത്.

അടിക്കടിയുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളില്‍ കൃഷിനാശം സംഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നതിനാല്‍ കാര്‍ഷിക വിളകള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ പല സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളും വിസമ്മതിക്കുകയാണ്.എന്നാല്‍ സര്‍ക്കാരിന് കൃഷിക്കാരെ കണ്ടില്ലെന്ന് നടിക്കാനാകില്ല. അതുകൊണ്ടാണ് കുറഞ്ഞ ഇന്‍ഷുറന്‍സ് പ്രീമിയം സ്വീകരിച്ചുകൊണ്ട് ഏതാണ്ടെല്ലാ കാര്‍ഷിക വിളകളെയും സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പരിധിയില്‍ ഉള്‍പ്പെടുത്തിയത്. വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് എടുക്കുന്നതുപോലെ കാര്‍ഷിക വിളകള്‍ക്കും ഇന്‍ഷുറന്‍സ് എടുക്കാന്‍ എല്ലാവരും തയാറാകണമെന്നും മന്ത്രി പറഞ്ഞു. 

വിള ഇന്‍ഷുറന്‍സ് വാരാചരണത്തിന്റെ ഭാഗമായുള്ള ക്യാമ്പയിനിന്റെ ഉദ്ഘാടനം ഗോപിനാഥന്‍ നായര്‍ എന്ന കര്‍ഷകന്റെ അപേക്ഷ സ്വീകരിച്ചുകൊണ്ട് മന്ത്രി നിര്‍വഹിച്ചു. കൂടുതല്‍ പേരെ വിള ഇന്‍ഷുറന്‍സിന്റെ ഭാഗമാക്കാനുള്ള വിവിധ ക്യാമ്പയിനുകളും സംസ്ഥാനത്ത് ഒരാഴ്ചക്കാലം നടക്കും. ചടങ്ങില്‍ വി.കെ.പ്രശാന്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. 

Tags:    
News Summary - 'Krishipathi' should be given more importance than fire path - Minister P. Prasad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.