ജിഷ്ണുവിന്‍െറ മരണം: കൃഷ്ണദാസിന്‍െറ ജാമ്യഹരജി വിധി പറയാന്‍ മാറ്റി

കൊച്ചി: വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണത്തെ തുടര്‍ന്ന് പ്രതിചേര്‍ക്കപ്പെട്ട പാമ്പാടി നെഹ്റു കോളജ് ഓഫ് എജുക്കേഷനല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. പി. കൃഷ്ണദാസിന്‍െറ മുന്‍കൂര്‍ ജാമ്യഹരജി ഹൈകോടതി വിധി പറയാന്‍ മാറ്റി. സര്‍ക്കാറിനുവേണ്ടി ഹാജരാകുന്ന സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സി.പി. ഉദയഭാനുവിന്‍െറയും ഹരജിക്കാരന്‍െറയും വാദം പൂര്‍ത്തിയാക്കിയാണ് സിംഗിള്‍ ബെഞ്ച് കേസ് വിധിപറയാന്‍ മാറ്റിയത്. കേസ് മാറ്റിയ സാഹചര്യത്തില്‍ കൃഷ്ണദാസിന് നേരത്തേ അനുവദിച്ച ഇടക്കാല മുന്‍കൂര്‍ ജാമ്യം കോടതി നീട്ടിനല്‍കി. വ്യാഴാഴ്ച വിധി പറഞ്ഞേക്കും. 

ചൊവ്വാഴ്ച കേസ് പരിഗണിക്കവെ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സര്‍ക്കാറിനുവേണ്ടി ഹാജരാകുന്നതിനെ ഹരജിക്കാരന്‍െറ അഭിഭാഷകന്‍ ചോദ്യംചെയ്തു. സര്‍ക്കാറിന്‍െറയോ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍െറയോ അനുമതിയില്ലാതെയാണ് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ഹാജരാകുന്നതെന്നായിരുന്നു ആരോപണം. ഇതില്‍ വ്യക്തതവരുത്താന്‍ കോടതി നിര്‍ദേശിച്ചു.

പ്രോസിക്യൂട്ടറെ ഇതിനായി നിയോഗിച്ചിട്ടുള്ളതായി ഉച്ചക്കുശേഷം ഡി.ജി.പി കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് സര്‍ക്കാറിന്‍െറ വാദവും കോടതി കേള്‍ക്കുകയായിരുന്നു. കൃഷ്ണദാസും മറ്റു പ്രതികളും കുറ്റക്കാരാണെന്നതിന് തെളിവുണ്ടെന്നും ജാമ്യം നല്‍കരുതെന്നും സ്പെഷല്‍ പ്രോസിക്യൂട്ടര്‍ വാദിച്ചു. കേസ് ഡയറിയും മറ്റുചില രേഖകളും കോടതി നിര്‍ദേശപ്രകാരം സമര്‍പ്പിക്കുകയും ചെയ്തു. കൃഷ്ണദാസിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാറിന്‍െറ ഹരജിയും കോടതിയുടെ പരിഗണനയിലുണ്ട്.

Tags:    
News Summary - krishnadas bail plea extend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.