തിരുവനന്തപുരം: കെ.എസ്.ഇ.ബി ഓഫിസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിസന്‍റ് എം.ജി. സുരേഷ് കുമാറിന് സസ്‌പെൻഷൻ. ബോർഡിനെതിരെ സമരം ചെയ്തതിനും മാധ്യമങ്ങളോട് സംസാരിച്ചതിനുമാണ് നടപടി. കെ.എസ്.ഇ.ബിയിലെ ഏറ്റവും പ്രബലമായിട്ടുള്ള ഇടത് സംഘടനാ നേതാവായ സുരേഷ് കുമാറിനെയാണ് ചെയർമാൻ ബി. അശോക് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. നേരത്തെ തന്നെ ചെയർമാനും കെ.എസ്.ഇ.ബി ഓഫിസേർസ് അസോസിയേഷനും തമ്മിൽ ഭിന്നത രൂക്ഷമായിരുന്നു.
രണ്ടു ദിവസം പണിമുടക്ക് നടത്തുകയും ഇന്നലെ സമരത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തതിനാണ് സസ്‌പെൻഷൻ ലഭിച്ചത്. എന്നാൽ, ജനാധിപത്യപരമായാണ് പ്രതിഷേധിച്ചതെന്നും നടപടിയെടുത്ത് സമരം അവസാനിപ്പിക്കാമെന്ന് കരുതേണ്ട എന്നും സുരേഷ് കുമാർ പറഞ്ഞു. ബോർഡ് ചെയർമാന് അഴിമതി നടത്താൻ കഴിയാത്തതിനാലാണ് ഇത്തരത്തിലൊരു നടപടി. കെ.എസ്.ഇ.ബി ജീവനക്കാരും പ്രതിഷേധത്തിന് ഇറങ്ങുമെന്നും സുരേഷ്‌കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കെ.എസ്.ഇ.ബി ഡിവിഷൻ എക്‌സിക്യുട്ടീവ് എൻജിനീയർ ജാസ്മിൻ ബാനുവിനെതിരായ നടപടി ചട്ടപ്രകാരമാണെന്നും സർവീസ് സംഘടനകൾ പുകമറ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും ചെയർമാൻ മീഡിയാവണ്ണിനോട് പറഞ്ഞു. താൻ മോശമായി സംസാരിച്ചു എന്ന് പറയുന്നത് ശരിയല്ലെന്നും ഗുരുതരമായ അച്ചടക്കലംഘനം ജാസ്മിൻ ബാനുവിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത് കൊണ്ടാണ് നടപടിയെടുത്തതെന്നും കെ.എസ്.ഇ.ബി തുടർനടപടികളുമായി മുന്നോട്ടുപോവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബോർഡ് അനുവാദമില്ലാതെ ജാസ്മിൻ ബാനു ലീവെടുത്ത് സംസ്ഥാനത്തിന് പുറത്തുപോയതിനാണ് സസ്പെൻഡ് ചെയ്തതെന്ന് ചെയർമാൻ പറയുമ്പോൾ നിയമാനുസൃതമായിട്ടാണ് ലീവെടുത്തതെന്നും പകരം ചുമതല കൈമാറിയതാണെന്നും സംഘടന വാദിക്കുന്നു. ജീവനക്കാരും ചെയർമാനും തമ്മിൽ തുടരെ തുടരെയുണ്ടാകുന്ന തർക്കം ബോർഡിന്റെ ദൈനംദിന പ്രവർത്തനത്തെ താളം തെറ്റിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.