പാലക്കാട്: വിശ്രമസൗകര്യങ്ങളുൾപ്പെടെ ലഭ്യമാക്കാനുദ്ദേശിച്ച് കെ.എസ്.ഇ.ബിയുടെ വൈദ്യുതി ചാർജിങ് കേന്ദ്രങ്ങൾ സ്വകാര്യസംരംഭകർക്ക് ഏറ്റെടുക്കാം. സംസ്ഥാനത്തെ 63 വാഹന റീചാർജിങ് കേന്ദ്രങ്ങൾക്കായുള്ള പൊതു-സ്വകാര്യ പങ്കാളിത്തത്തിനായി (പി.പി.പി) ഇ-ടെൻഡർ ക്ഷണിച്ചു.
ചാർജിങ് കേന്ദ്രത്തോടൊപ്പം ശുചിമുറി, വിശ്രമമുറി, കഫറ്റീരിയ, കുട്ടികളുടെ പ്ലേ ഏരിയ, സൗജന്യ വൈഫൈ എന്നിവ വിഭാവനംചെയ്യുന്ന ‘റിഫ്രഷ് ആൻഡ് റീചാർജ്’ പദ്ധതി ഡിസൈൻ, ബിൽഡ്, ഫിനാൻസ്-ഓപറേറ്റ്, ട്രാൻസ്ഫർ രീതിയിലാണ് നടപ്പാക്കുക. 10 വർഷത്തേക്കാണ് സംരംഭകർക്ക് നടത്തിപ്പ് അധികാരം ലഭിക്കുക. ചാർജിങ് കേന്ദ്രത്തോടനുബന്ധിച്ചുള്ള സ്ഥലംകൂടി വിട്ടുനൽകി ബിസിനസ് സാധ്യതകൾ വർധിപ്പിക്കാമെന്നാണ് കെ.എസ്.ഇ.ബി വാഗ്ദാനം. ഇവിടെ ഒരേ സമയം നാലു വാഹനങ്ങൾക്ക് അതിവേഗ ചാർജിങ് സാധ്യമാകും.
നിലവിൽ ഇ.വി ചാർജിങ്ങിന് വ്യത്യസ്ത നിരക്കുകളും പലയിടങ്ങളിലും ഒന്നിലധികം പേമെന്റ് വാലറ്റുകളും ഉപയോഗിക്കുന്നുണ്ട്. മൊബൈൽ ആപ്പിന്റെ സഹായത്താൽ ചാർജ് ചെയ്യുന്ന പ്രീപെയ്ഡ് രീതിക്കു പകരം ഇടനിലക്കാരില്ലാതെ ക്യു.ആർ കോഡ് സ്കാൻ ചെയ്ത് പണമടക്കാനാകുന്ന ആപ് സഹായമില്ലാതെയുള്ള പദ്ധതിയാകും നടപ്പാക്കുക. യു.പി.ഐ ഉൾപ്പെടെ വിവിധ ഇടപാട് മാർഗങ്ങളിലൂടെ പണമടക്കാനാകും. നിർമിതബുദ്ധി അധിഷ്ഠിത, ആപ് സഹായമില്ലാതെയുള്ള സാങ്കേതികവിദ്യയാകും ചാർജിങ് സ്റ്റേഷനുകളിലുണ്ടാവുക.
കരാറൊപ്പിട്ട് നാലു മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കണമെന്നാണ് വ്യവസ്ഥ. പദ്ധതി നവംബറോടെ പൂർത്തിയാക്കാനുദ്ദേശിച്ചാണ് നടപടികൾ മുന്നോട്ടുപോകുന്നതെന്ന് അധികൃതർ അറിയിച്ചു. വിവരങ്ങൾ കെ.എസ്.ഇ.ബിയുടെയും https://etenders.kerala.gov.in വെബ്സൈറ്റിലും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.