പെരുമഴക്കിടയിൽ കെ.എസ്​.ഇ.ബി ഉൽപാദിപ്പിച്ച വൈദ്യുതിയുടെ കണക്ക്​ കേട്ടാൽ ഞെട്ടും

മൂലമറ്റം: സംസ്ഥാനത്ത്​ ആഭ്യന്തര വൈദ്യുതി ഉൽപാദനം റെക്കോഡിൽ. ബുധനാഴ്​ച രാവിലെ എട്ട്​ മണി വരെയുള്ള കണക്ക്​ പ്രകാരം ആഭ്യന്തര ഉപഭോഗം 72.17 ദശലക്ഷം യൂനിറ്റാണ്​. ഇതിൽ 40.61 ദശലക്ഷവും സംസ്ഥാനത്ത് തന്നെ ഉൽപാദിപ്പിച്ചു. മൊത്തം ഉപഭോഗത്തി​െൻറ 56.2 ശതമാനമാണിത്. സമീപകാലത്തെ ഏറ്റവും കൂടിയ ഉൽപാദനമാണിത്.

മുൻ കാലങ്ങളിൽ മൊത്തം ഉപഭോഗത്തി​െൻറ 30 ശതമാനം മാത്രമായിരുന്നു ആദ്യന്തര ഉൽപാദനം. ബാക്കി 70 ശതമാനവും പുറത്തുനിന്ന്​ വാങ്ങുകയാണ് പതിവ്. ഇന്നലെ 31.55 ദശലക്ഷം യൂനിറ്റ് വൈദ്യുതി മാത്രമെ പുറത്തുനിന്നും വാങ്ങേണ്ടി വന്നുള്ളൂ.

ശക്തമായ മഴയിൽ ഡാമുകളിൽ ജലനിരപ്പ്​ ഉയർന്നതിനെത്തുടർന്ന്​ വൈദ്യുതി ഉൽപാദനം വർധിപ്പിച്ചതാണ് പരമാവധിയിൽ എത്താൻ കാരണം. ഏറ്റവും വലിയ ജലവൈദ്യുതി നിലയമായ ഇടുക്കിയിൽ ബുധനാഴ്​ച രാവിലെ എട്ട്​ വരെ 14.85 ദശലക്ഷം യൂനിറ്റ് ഉൽപാദിപ്പിച്ചു. ആറ് ജനറേറ്ററുകളിൽ ഒന്ന് അറ്റകുറ്റപ്പണിയിൽ ആയിരുന്നു. വ്യാഴാഴ്​ച മുതൽ ആറ് ജനറേറ്ററുകളും പ്രവർത്തിക്കും. ഇതു വഴി 30 ലക്ഷം യൂനിറ്റ് വൈദ്യുതി കൂടി ഉൽപാദിപ്പിക്കാനാകും. ശബരിഗിരി 5.2 ദശലക്ഷം യൂനിറ്റ്, ഇടമലയാർ 1.7, ഷോളയാർ 1.30, കുറ്റ്യാടി 3.94, ലോവർപ്പെരിയാർ 3.65, നേര്യമംഗലം 1.7 എന്നിങ്ങനെയാണ് മറ്റ് പ്രധാന നിലയങ്ങളിലെ ഉൽപാദനം.

മഴ മൂലം മിക്ക ഡാമുകളും നിറഞ്ഞതിനാൽ വെള്ളം ഒഴുക്കിക്കളയുകയാണ്. ഇതുമൂലം കെ.എസ്.ഇ.ബിക്ക് ഉണ്ടാകുന്ന നഷ്​ടം കുറക്കാനാണ് ഉൽപാദനം പരമാവധി ആക്കിയത്. ഒക്ടോബർ ഒന്ന് മുതൽ ചൊവ്വാഴ്​ച വരെ സംസ്ഥാനത്ത് ലഭിക്കേണ്ടിയിരുന്ന മഴ 203.7 മില്ലിമീറ്ററാണ്. എന്നാൽ, 455.1 മില്ലീമീറ്റർ ലഭിച്ചു. ഇത് 123 ശതമാനം അധികമാണ്.

Tags:    
News Summary - KSEB generated electricity during heavy rains

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.