തൃശൂർ: യൂനിറ്റിന് 1.09 രൂപ വെച്ച് വൈദ്യുതി നിരക്കിൽ വർധന വരുത്താൻ കെ.എസ്.ഇ.ബി കേരള വൈദ്യുതി റെഗുലേറ്ററി കമീഷനോട് അഭ്യർഥിച്ചു. വരുന്ന അഞ്ച് വർഷത്തേക്കുള്ള തീരുവ പുനഃക്രമീകരണ നിർദേശ രേഖയിലാണ് (താരിഫ് റെഗുലേറ്ററി പ്രപ്പോസൽ) ബോർഡ് ആവശ്യം ഉന്നയിച്ചത്.
2022-23 വർഷത്തെ താരിഫ് പ്രപ്പോസലിൽ ആവശ്യപ്പെട്ട വരുമാന അന്തരം (റവന്യൂ ഗാപ്) കുറക്കാനുള്ള വൈദ്യുതി നിരക്ക് വർധനക്ക് ഭാഗികമായേ അംഗീകാരം നൽകിയിരുന്നുള്ളൂ. ആ വർഷത്തെ ബാക്കി തുകയും ഉൾപ്പെടുത്തി യൂനിറ്റിന് 1.09 രൂപ യുടെ വർധന വരുന്ന നാല് വർഷങ്ങളിലായി വിഭജിച്ച് വർധന വരുത്താനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
2022-23 മുതൽ 2026-27 വരെ ആകെ വരുമാനക്കമ്മി 13,605.84 കോടി രൂപയാകുമെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തൽ. 2022-23ൽ 1927.2 കോടി, 2023-24 ൽ 2939 കോടി, 2024-25ൽ 3020.3 കോടി, 2025-26ൽ 2837.2 കോടി, 2026-27ൽ 2882.09 കോടി എന്നിങ്ങനെ വരുമാനക്കമ്മിയുണ്ടാകുമെന്നാണ് കെ.എസ്.ഇ.ബി ശിപാർശയിൽ പറയുന്നത്. കഴിഞ്ഞവർഷവും അഞ്ചുവർഷത്തെ ശിപാർശ കമീഷന് സമർപ്പിച്ചിരുന്നു. ഇതിൽ 2022-23 വർഷത്തെ ശിപാർശക്ക് കഴിഞ്ഞ ജൂലൈയിലാണ് അംഗീകാരം നൽകിയത്. ഇക്കൊല്ലം വീണ്ടും അഞ്ചുവർഷത്തെ രേഖ ആവശ്യപ്പെട്ട അടിസ്ഥാനത്തിലാണ് കെ.എസ്.ഇ.ബി നിലവിലെ സാമ്പത്തിക അവസ്ഥ കണക്കാക്കി രേഖ തയാറാക്കി സമർപ്പിച്ചത്.
2023 ഏപ്രിൽ ഒന്നുമുതൽ വൈദ്യുതി നിരക്ക് വർധന വരുന്ന വിധം വൈദ്യുതി നിയമങ്ങൾ അനുശാസിക്കുംവിധം അംഗീകാരം നൽകാമെന്നും അറിയിച്ചിരുന്നെന്ന് രേഖയിൽ കെ.എസ്.ഇ.ബി ഓർമിപ്പിച്ചു. എൻഡോസൾഫാൻ ബാധിതർക്കുള്ള ആശ്വാസപദ്ധതി, ബി.പി.എൽ കുടുംബങ്ങൾ, കുടിവെള്ള വിതരണ പദ്ധതി തുടങ്ങിയവക്കുള്ള സഹായം തുടരണമെന്നും കെ.എസ്.ഇ.ബി അഭ്യർഥിച്ചിട്ടുണ്ട്.
ക്ഷീരസംഘങ്ങൾ, ഫോട്ടോ സ്റ്റുഡിയോ, ഡോക്യുമെന്റ് റൈറ്റേഴ്സ്, മൾട്ടിപ്ലക്സ്, ഹോട്ടൽ, ഭക്ഷധാന്യ െബ്ലൻഡിങ് യൂനിറ്റുകൾ, സർക്കസ്, വാട്ടർ മെട്രോ തുടങ്ങിയവക്കുള്ള തീരുവ പുനഃക്രമീകരിക്കാനും അഭ്യർഥിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം കെ.എസ്.ഇ.ബി 736 കോടി ലാഭമാണ് അവകാശപ്പെട്ടിരുന്നത്. എന്നിട്ടും അക്കാര്യം കെ.എസ്.ഇ.ബിയുടെ വൈദ്യുതി നിരക്ക് ശിപാർശയിൽ പ്രകടമാകുന്നില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.