പാലേരി: കോരിച്ചൊരിയുന്ന മഴത്ത് പേരാമ്പ്ര കെ.എസ്.ഇ.ബി ലൈൻമാൻ ഷിജുവിന് ഒരു ഫോൺ കോൾ. കടിയങ്ങാട് വെളുത്ത പറമ്പത്ത് വൈദ്യുതി ലൈനിൽ ഒരു പരുന്ത് ഷോക്കേറ്റ് പിടയുന്നു. എന്തെങ്കിലും ചെയ്യാൻ കഴിയുമോ? കടിയങ്ങാടു തന്നെ ഫീൽഡിൽ ഉണ്ടായിരുന്ന ഷിജു സ്ഥലം ചോദിച്ച് മനസിലാക്കി പെട്ടെന്ന് ആ ഭാഗത്തേക്കുള്ള വൈദ്യുതി വിച്ഛേദിച്ചു. തുടർന്ന് മറ്റ് ജോലികൾ മാറ്റി വെച്ച് സ്ഥലത്ത് കുതിച്ചെത്തി.
ശക്തമായ മഴ വകവെക്കാതെ വൈദ്യുതി തൂണിൽ കയറി അതി സാഹസികമായി പരുന്തിനെ രക്ഷിക്കുകയായിരുന്നു. മനുഷ്യൻ അപകടത്തിൽ പെട്ടാൽ പോലും എത്താൻ താമസിക്കുന്ന ഈ കാലത്താണ് ഒരു പക്ഷിയുടെ ജീവൻ രക്ഷിക്കാൻ തന്റെ ജീവൻ പണയം വെച്ച് ഷിജു രക്ഷാപ്രവർത്തനം നടത്തിയത്.
തൂണിൽ കയറുമ്പോൾ മഴവെള്ളം കണ്ണിലേക്ക് തന്നെ വീഴുന്നുണ്ടായിരുന്നെങ്കിലും ഷിജുവിന് അതൊന്നും ഒരു പ്രശ്നമായിരുന്നില്ല. ലൈനിൽ കുരുങ്ങിയ പരുന്തിനെ മോചിപ്പിക്കുന്നതും ഏറെ ശ്രമകരമായിരുന്നു.
പരുന്തിന് ഷോക്കടിച്ചത് ശ്രദ്ധയിൽപ്പെട്ട വെളുത്ത പറമ്പത്ത് സന്തോഷാണ് ലൈൻമാനെ വിളിച്ചത്. ഷിജുവിന് വേണ്ട സഹായങ്ങൾ സന്തോഷും ചെയ്തു കൊടുത്തു. മുൻവാർഡ് മെംബർ എൻ.എസ്. നിധീഷ് അവിടെയെത്തി ഷിജുവിന്റെ സാഹസിക പ്രവർത്തനം മൊബൈലിൽ പകർത്തി സാമൂഹിക മാധ്യമങ്ങളിലൂടെ ഈ സദ്പ്രവൃത്തി പുറം ലോകത്തെ അറിയിച്ചു.
എല്ലാ ജീവനും പ്രധാനപ്പെട്ടതാണെന്നാണ് ഷിജുവിന്റെ പക്ഷം. തന്റെ കൈ കൊണ്ട് ഒരു പക്ഷിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിൽ വലിയ ചാരിതാർത്ഥ്യമുണ്ടെന്നും ഷിജു മാധ്യമത്തോട് പറഞ്ഞു. മേപ്പയ്യൂർ കിഴക്കെച്ചാലിൽ ഷിജു ഒൻപതു വർഷമായി കെ.എസ്.ഇ.ബിയിൽ ജോലിയിൽ പ്രവേശിച്ചിട്ട്. തിരിച്ചു കിട്ടിയ ജീവനുമായി ആകാശത്തിന്റെ അനന്തതയിലേക്ക് പരുന്ത് പറക്കുമ്പോൾ ആകാശത്തോളം വിശാലമായ മനസുമായി ഷിജുവും മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.