പാലക്കാട്: പെൻഷൻ ട്രസ്റ്റിലേക്ക് നീക്കിവെച്ചിരുന്ന 10 ശതമാനം വൈദ്യുതി തീരുവ തിരിച്ചെടുക്കാനുള്ള സർക്കാർ നീക്കത്തിന് കെ.എസ്.ഇ.ബിയുടെ പച്ചക്കൊടി. വിവിധ സർക്കാർ വകുപ്പുകൾ, തദ്ദേശസ്ഥാപനങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവയടക്കമുള്ളവയുടെ കുടിശ്ശികയിലേക്ക് സർക്കാറിന്റെ കൈവശമുള്ള വൈദ്യുതി തീരുവ കുടിശ്ശിക വകയിരുത്താൻ കെ.എസ്.ഇ.ബി ഡയറക്ടർ ബോർഡ് യോഗം അംഗീകാരം നൽകി. നേരത്തേ 10 ശതമാനം വൈദ്യുതി തീരുവ വിരമിച്ചവർക്കായുള്ള മാസ്റ്റർ ട്രസ്റ്റിലേക്കായി സർക്കാർ നൽകിയിരുന്നു.
എന്നാൽ, 10 വർഷം പൂർത്തിയായ ഘട്ടത്തിലും മാസ്റ്റർട്രസ്റ്റിലേക്കുള്ള കെ.എസ്.ഇ.ബി വിഹിതം നീക്കിവെച്ചിട്ടില്ലാത്ത സാഹചര്യത്തിലും ഇനിമുതൽ തീരുവ നൽകേണ്ടെന്ന് ധനവകുപ്പ് തീരുമാനിക്കുകയായിരുന്നു. ഇതിനെതിരെ കെ.എസ്.ഇ.ബി പെൻഷനേഴ്സ് കൂട്ടായ്മ കഴിഞ്ഞ നവംബറിൽ ഹൈകോടതി വഴി സ്റ്റേ വാങ്ങിയിരുന്നെങ്കിലും കെ.എസ്.ഇ.ബിയുമായുള്ള ധാരണ പ്രകാരം ലഭിച്ച വൈദ്യുതി തീരുവ വിവിധ സർക്കാർ അനുബന്ധ സ്ഥാപനങ്ങളുടെ വൈദ്യുതി കുടിശ്ശികയിലേക്കായി വകയിരുത്താൻ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ പെൻഷനടക്കം ബാധ്യത പൂർണമായി കെ.എസ്.ഇ.ബിയിലേക്കാണ് വന്നുചേരുക.
വിവിധ സർക്കാർ വകുപ്പുകൾ, പൊതുമേഖല സ്ഥാപനങ്ങൾ തുടങ്ങിയവയുടെ കുടിശ്ശികയിനത്തിൽ 2023 നവംബർ വരെ 534.84 കോടി രൂപ കുടിശ്ശികയുണ്ട്. ഈ കാലയളവിൽ പെൻഷൻ കഴിച്ച് വൈദ്യുതി തീരുവ ഇനത്തിൽ 145.48 കോടി രൂപ നീക്കിയിരിപ്പുമുണ്ട്.
പിന്നീട് നവംബറിനുശേഷം വൈദ്യുതി തീരുവ തിരിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ച ശേഷമുള്ള, നവംബർ 2023 മുതൽ മാർച്ച് 2024 വരെയുള്ള കാലയളവിൽ വൈദ്യുതി തീരുവ 420 കോടി രൂപയും ഹൈകോടതി സ്റ്റേയുടെ പശ്ചാത്തലത്തിൽ കെ.എസ്.ഇ.ബിയിലുണ്ട്. സർക്കാർ കുടിശ്ശിക വകയിരുത്തിയ ശേഷം നീക്കിയിരിപ്പുണ്ടെങ്കിൽ കെ.എസ്.ഇ.ബി പൊലീസ് വകുപ്പിന് കൊടുക്കാനുള്ള 280 കോടി രൂപ കൊടുക്കാനും സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഈ നടപടികൾ അംഗീകരിച്ച കെ.എസ്.ഇ.ബി ഡയറക്ടർ ബോർഡ് യോഗം തുക സോഫ്റ്റ്വെയറിൽ വകയിരുത്താനും നടപടികൾക്ക് ഐ.ടി ചീഫ് എൻജിനീയറെ ചുമതലപ്പെടുത്താനും തീരുമാനിച്ചു.
ശമ്പളച്ചെലവിന് പുറമെ പെൻഷൻ കൂടി കെ.എസ്.ഇ.ബിയുടെ ബാധ്യതയാകുന്നതോടെ പെൻഷന്റെ ഭാവി ബോർഡിനെ മാത്രമല്ല വിരമിച്ചവരെയും ആശങ്കയിലാഴ്ത്തുന്നു. 26,000 കോടി രൂപയുടെ ബാധ്യതയാണ് കെ.എസ്.ഇ.ബിക്ക് പെൻഷൻ ഇനത്തിലുള്ളത്. ഇനി പെൻഷൻ ബാധ്യത നിറവേറ്റാൻ രൂപവത്കരിച്ച മാസ്റ്റർ ബോണ്ടിലേക്കുള്ള മുതലും പലിശയും കെ.എസ്.ഇ.ബിയുടെ ചെലവിനത്തിൽ ഉൾപ്പെടും.
2013ലാണ് കെ.എസ്.ഇ.ബി കമ്പനിയാക്കിയതോടെ അതിനും മുമ്പും ശേഷവുമുള്ള ജീവനക്കാരുടെ പെൻഷൻ ബാധ്യത നിറവേറ്റാൻ മാസ്റ്റർ ട്രസ്റ്റ് സംവിധാനമൊരുങ്ങിയത്. ഇതിനായി 8144 കോടിയുടെ ബോണ്ട് കെ.എസ്.ഇ.ബിയും 3751 കോടിയുടേത് സർക്കാറുമിറക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.