തൊടുപുഴ: ഇടുക്കി അണക്കെട്ട് തുറക്കണമെന്ന ‘വാശി’ വൈദ്യുതി മന്ത്രിക്കായിരുന്നു. ഇതാദ്യമായി മൺസൂൺ പകുതിയിൽ തന്നെ അണക്കെട്ട് നിറഞ്ഞതിനാൽ തുറക്കേണ്ടി വരുമെന്ന സൂചനകളായിരുന്നു മന്ത്രിയുടെ നിർബന്ധത്തിന് കാരണമായതും. തുറക്കുന്നത് കാര്യങ്ങൾ കൈവിട്ടുപോകുന്ന തരത്തിലാകരുതെന്ന് ഇടുക്കിക്കാരനായ മന്ത്രി എം.എം. മണിക്ക് നിർബന്ധവുമുണ്ടായിരുന്നു. ട്രയൽ റൺ എന്ന ആശയവും മന്ത്രിയുടേതായിരുന്നു. 2401 നും 2402 നും ഇടയിൽ ജലനിരപ്പ് എത്തിയ ശേഷം മാത്രം ഡാം തുറന്ന ചരിത്രം നിലനിൽക്കെയാണ് ജലനിരപ്പ് 2396 ൽ എത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് 2396 അടിയിൽ ഡാം തുറക്കുമെന്ന പ്രഖ്യാപനം മന്ത്രി നടത്തിയത്.
ജനറേഷൻ വിഭാഗം ന്യായം നിരത്തിയതോടെ 2398 എന്നു തിരുത്തിയെങ്കിലും മന്ത്രിക്ക് ഉദ്യോഗസ്ഥരുടെ ‘കണക്കിന്’ വഴങ്ങേണ്ടി വന്നു. അപ്പോഴേക്കും മഴ കുറയുകയും തുറക്കേണ്ടി വരില്ലെന്ന് വൈദ്യുതി ബോർഡ് ഏതാണ്ട് ഉറപ്പിക്കുകയും ചെയ്തു. അണക്കെട്ടിൽനിന്ന് വൈദ്യുതി ഉൽപാദനത്തിനെടുക്കുന്ന ജലത്തേക്കാൾ നീരൊഴുക്കിെൻറ അളവു കുറയുക കൂടി ചെയ്തേതാടെ തുറക്കുന്നെങ്കിൽ അത് ഇനി തുലാമഴയിലെന്ന നിലയിലേക്കായി അധികൃതരും. എന്നാൽ, നാലഞ്ച് ദിവസം മാറിനിന്നശേഷം അതിശക്തിയോടെ തിരിച്ചുവന്ന മഴ എല്ലാം തകിടം മറിച്ചു.
അപ്പോഴും ജലനിരപ്പ് 2402 അടി എത്തുന്നതു വരെ കാത്തിരിക്കണമെന്ന ഉപദേശമാണ് വകുപ്പിലെ വിദഗ്ധർ സ്വീകരിച്ചത്. ട്രയൽറൺ മന്ത്രി പറഞ്ഞ ലെവലിൽ നടന്നിരുന്നെങ്കിൽ കുറഞ്ഞ അളവിലേ പിന്നീട് തുറന്നുവിടേണ്ടി വരുമായിരുന്നുള്ളു. എല്ലാ ഷട്ടറുകളും തുറക്കേണ്ടി വരാനുള്ള സാധ്യതയും കുറവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.