തിരുവനന്തപുരം: സ്മാർട്ട് മീറ്റർ നടപ്പാക്കുന്നത് സംബന്ധിച്ച് കെ.എസ്.ഇ.ബി സമർപ്പിച്ച ഡി.പി.ആറിൽ കൂടുതൽ വിശദാംശങ്ങൾ തേടി റെഗുലേറ്ററി കമീഷൻ. കാപക്സ് മാതൃകയിൽ പദ്ധതി നടപ്പാക്കുമ്പോഴുള്ള ചെലവ് കെ.എസ്.ഇ.ബി എങ്ങനെ കണ്ടെത്തുമെന്ന് കമീഷൻ ആരാഞ്ഞു. മൂലധന നിക്ഷേപ പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന തെളിവെടുപ്പിലാണ് ആദ്യഘട്ടമായി മൂന്ന് ലക്ഷം സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിന്റെ കണക്കുകൾ കെ.എസ്.ഇ.ബി അവതരിപ്പിച്ചത്. നിശ്ചിതസമയ പരിധിക്കുള്ളിൽ മൂന്നു ലക്ഷം മീറ്ററുകൾ സ്ഥാപിക്കാനാവുമോ എന്നും കമീഷൻ ചോദിച്ചു. പ്രതിമാസം 100 യൂനിറ്റിൽ താഴെ വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കൾ ഉപയോഗത്തേക്കാൾ കൂടുതൽ മീറ്റർ ചാർജ് നൽകേണ്ടിവരില്ലേ എന്ന ചോദ്യത്തിന് ഇത്തരം കാര്യങ്ങൾ പരിശോധിച്ച് തീരുമാനമെടുക്കാനുണ്ടെന്നായിരുന്നു കെ.എസ്.ഇ.ബി വിശദീകരണം.
ഒന്നാംഘട്ടമായി മൂന്നുലക്ഷം മീറ്റർ സ്ഥാപിക്കുമ്പോൾ ഈ ഘട്ടത്തിൽ ഉൾപ്പെടാത്ത ഉപഭോക്താക്കൾക്ക് ആവശ്യപ്പെട്ടാൽ മീറ്റർ സ്ഥാപിക്കാൻ അനുവദിക്കാനാവുമോ എന്ന് കമീഷൻ ചോദിച്ചു. ഇതടക്കം വിശദാംശങ്ങൾ രണ്ടാഴ്ചക്കകം സമർപ്പിക്കണം. സ്മാർട്ട് മീറ്റർ നടപ്പാക്കിയ ഇടങ്ങളിൽ അതിന്റെ പ്രവർത്തനവും മറ്റ് വിവരങ്ങളും മനസ്സിലാക്കാൻ കെ.എസ്.ഇ.ബി ശ്രമിക്കണം. സ്മാർട്ട് മീറ്റർ ലഭിക്കാൻ തടസ്സമുണ്ടെങ്കിൽ നമ്മുടെ കോളജുകളിലെ എൻജിനീയറിങ് വിദ്യാർഥികളുടെ സഹായം പ്രയോജനപ്പെടുത്താനും സാധ്യമാവുമെങ്കിൽ സ്വന്തമായി നിർമിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാനും കെ.എസ്.ഇ.ബി മുന്നോട്ടുവരണം. സ്മാർട് മീറ്ററിന്റെ രണ്ടും മൂന്നും ഘട്ടങ്ങളടക്കം സമയബന്ധിതമായി പൂർത്തിയാക്കാൻ വടക്കേ ഇന്ത്യൻ കമ്പനികളെ മാത്രം ആശ്രയിച്ചിരുന്നാൽ കഴിയണമെന്നില്ലെന്നും കമീഷൻ അഭിപ്രായപ്പെട്ടു.
കേന്ദ്ര സഹായത്തോടെ നടപ്പാക്കാൻ തീരുമാനിച്ച ടോട്ടെക്സ് രീതിക്ക് പകരം കാപെക്സ് മാതൃക നടപ്പാക്കുന്നതിനാൽ സ്മാർട് മീറ്റർ കെ.എസ്.ഇ.ബിക്ക് വൻ സാമ്പത്തിക ബാധ്യതയാവുമെന്നുറപ്പാണ്. ബില്ലിങ് പൂർണമായും സ്വകാര്യ കമ്പനിയെ ഏൽപിക്കുന്നതാണ് ടോട്ടെക്സ് രീതി. ഇതിന് ബദലായി ബില്ലിങ്ങ് അനുബന്ധ സേവനങ്ങളും കെ.എസ്.ഇ.ബിയുടെ നിയന്ത്രണത്തിൽ ഉറപ്പിക്കുന്ന കാപെക്സ് രീതിക്ക് സർക്കാർ പിന്തുണയുണ്ടെങ്കിലും വായ്പയെടുക്കാതെ പദ്ധതി ലക്ഷ്യത്തിലെത്തിക്കൽ ബുദ്ധിമുട്ടാണ്. ആദ്യഘട്ടമായ മൂന്ന് ലക്ഷം മീറ്റർ സ്ഥാപിക്കുമ്പോഴുള്ള പ്രായോഗികത പരിശോധിച്ചശേഷമാവും തുടർ നടപടികളിലേക്ക് കെ.എസ്.ഇ.ബി കടക്കുക. ആദ്യഘട്ടത്തിന് 277 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.