ഇടുക്കി: ഇടുക്കി ഡാമിലെ ജലനിരപ്പ് 2398 അടിയായാൽ ട്രയൽ റൺ നടത്തുമെന്ന് വൈദ്യുത മന്ത്രി എം.എം മണി. ജലനിരപ്പ് 2397 അടിയായാൽ മുന്നറിയിപ്പ് നൽകും. തുലാവർഷത്തിന് മുന്നോടിയായാവും ട്രയൽ റൺ നടത്തുക. ഇത് ആശങ്കയകറ്റുമെന്നാണ് പ്രതീക്ഷയെന്നും എം.എം മണി പറഞ്ഞു. അതേ സമയം, നിലവിൽ ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ഇടുക്കി ഡാം നിലവിൽ തുറക്കേണ്ടതില്ലെന്ന് തന്നെയാണ് കെ.എസ്.ഇ.ബിയുടെയും വിലയിരുത്തൽ. മഴ കുറഞ്ഞതിനെ തുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞിട്ടുണ്ട്. ഇതുമൂലമാണ് നിലവിൽ ഡാം തുറക്കേണ്ടതില്ലെന്ന വിലയിരുത്തലിലേക്ക് കെ.എസ്.ഇ.ബി എത്തിയത്. എന്നാൽ, വരും ദിവസങ്ങളിൽ ഡാമിലേക്കുള്ള ജലനിരപ്പ് കൂടുകയാണെങ്കിൽ അണക്കെട്ട് തുറന്നേക്കും.
അതേ സമയം, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2396.12 അടിയായി ഉയർന്നു. ജലസംഭരണ ശേഷിയുടെ 91.95 ശതമാനമാണിത്. അണക്കെട്ടിലെ ജലനിരപ്പ് 2395 അടിയിൽ എത്തിയതോടെ തിങ്കളാഴ്ച രണ്ടാം ജാഗ്രത നിർദേശമായ ഒാറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരുന്നു. ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ജലനിരപ്പ് 2399 അടി ആയാൽ അവസാന ജാഗ്രത നിർദേശമായ റെഡ് അലർട്ട് പുറപ്പെടുവിക്കും.
ജലനിരപ്പ് 2400 അടിയിലെത്തുേമ്പാൾ അണക്കെട്ട് തുറക്കുകയെന്ന ഉന്നതതല തീരുമാനത്തിൽ മാറ്റം വരുത്തി, 2397-2398 അടിയിലെത്തുേമ്പാൾ തുറക്കാമെന്നായിരുന്നു മന്ത്രി എം.എം. മണിയുടെ നിർദേശം. ഇത് നടപ്പാക്കുന്നതിന് മുന്നോടിയായി പരീക്ഷണ തുറക്കലിന് തീരുമാനിച്ചിരുന്നു. മുമ്പ് രണ്ടുതവണയും 2401 അടിയില്‍ വെള്ളമെത്തിയ ശേഷമാണ് അണക്കെട്ട് തുറന്നത്. 2403 അടിയാണ് പൂർണ സംഭരണശേഷി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.