കൽപറ്റ: ബില്ലടക്കാത്തതിനാൽ വയനാട്ടിലെ നിരവധി ആദിവാസി കുടുംബങ്ങളുടെ വൈദ്യുതി കെ.എസ്.ഇ.ബി വിച്ഛേദിച്ച സംഭവത്തിൽ മന്ത്രി ഇടപെട്ടിട്ടും പരിഹാരം നീളുന്നു. രണ്ടും മൂന്നും വർഷമായി വീട്ടിൽ വൈദ്യുതിയില്ലാത്തതിനാൽ മെഴുകുതിരി വെട്ടത്തിലാണ് പലരും കഴിയുന്നത്. 2023 മാർച്ച് ഒന്നുമുതലുള്ള കണക്കുപ്രകാരം ബിൽ അടക്കാത്തതിനാൽ വയനാട്ടിൽ ആകെ 1,62,376 ഗാർഹിക കണക്ഷനുകളാണ് വിച്ഛേദിച്ചതെന്നാണ് നിയമസഭരേഖ. ഇതിൽ 3700 ഓളം ആദിവാസി കുടുംബങ്ങളാണ്. ബിൽ അടക്കാത്ത വൻകിടക്കാരെ തൊടാത്ത കെ.എസ്.ഇ.ബി ആദിവാസികളുടെ കണക്ഷൻ വിച്ഛേദിക്കുകയായിരുന്നു. പല വീടുകളുടെയും മീറ്റർ അടക്കമാണ് ഊരിക്കൊണ്ടുപോയത്. ഇത്തരക്കാർക്ക് പുതിയ വൈദ്യുതി കണക്ഷൻ എടുക്കേണ്ടിവരും.വിവിധ കാരണങ്ങളാൽ കൂലിപ്പണിയില്ലാതായതോടെയാണ് ആദിവാസികൾക്ക് വൈദ്യുതി ബിൽ അടക്കാൻ കഴിയാതിരുന്നത്. നെൻമേനി തവനി കോളനിയിലെ പണിയ വിഭാഗക്കാരനായ ബിജുമോന്റെ വീട്ടിലെ കണക്ഷൻ വിച്ഛേദിച്ചിട്ട് മൂന്നുവർഷം കഴിഞ്ഞു. 12,000 രൂപ ബില്ലാണ് വന്നത്. എന്നാൽ, സമീപത്തെ വീടുനിർമാണത്തിനായി ബിജുമോൻ അറിയാതെ കരാറുകാരൻ അനധികൃതമായി വൈദ്യുതി എടുത്തതിനാലാണ് ഇത്രയും ബിൽ വന്നതെന്നാണ് കുടുംബം പറയുന്നത്.
മാനന്തവാടി, നെൻമേനി, തൃശിലേരി, സുൽത്താൻ ബത്തേരി, പുൽപള്ളി, കൽപറ്റ മേഖലകളിൽ നിരവധി കുടുംബങ്ങൾ വൈദ്യുതിയില്ലാതെ കഴിയുകയാണ്. 1,514 പട്ടികവർഗ കുടുംബങ്ങളുടെ വൈദ്യുതി വിച്ഛേദിച്ചിട്ടുണ്ടെന്നാണ് കെ.എസ്.ഇ.ബിതന്നെ പറയുന്നത്. തുടർന്ന് ചെറിയ കുടിശ്ശികയുള്ളവരുടെ വൈദ്യുതി പുനഃസ്ഥാപിച്ചു നൽകണമെന്ന് വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർദേശം നൽകിയിരുന്നെങ്കിലും നടപടികൾ നീളുകയാണ്.
അതേസമയം, ഇതുമായി ബന്ധപ്പെട്ട് സബ് കലക്ടർ, കെ.എസ്.ഇ.ബി, ഐ.ടി.ഡി.പി എന്നിവരുടെ യോഗം ചേർന്നിരുന്നുവെന്ന് ഐ.ടി.ഡി.പി (ഇന്റഗ്രേറ്റഡ് ട്രൈബൽ ഡെവലപ്മെന്റ് പ്രോഗ്രാം) പ്രോജക്ട് ഓഫിസർ ജി. പ്രമോദ് ‘മാധ്യമ’ത്തോട് പറഞ്ഞു. 3700ഓളം കുടുംബങ്ങൾ ഇത്തരത്തിലുണ്ട്. എന്നാൽ, എല്ലാവരും ആദിവാസി വിഭാഗത്തിലുള്ളവരാണോ എന്ന് പരിശോധിക്കണം. കെ.എസ്.ഇ.ബി ജീവനക്കാർ തയാറാക്കുന്ന പട്ടിക സർക്കാറിന് സമർപ്പിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.