കറൻറ് പോയാൽ ഇനി ഫോൺ ചെയ്ത് കഷ്ടപ്പെടേണ്ട; വാട്‌സ്ആപ്പ് ചാറ്റ്‌ബോട്ടുമായി കെ.എസ്.ഇ.ബി

തിരുവനന്തപുരം: ഉപഭോക്താക്കൾക്കായി പുതിയ വാട്സ്ആപ്പ് ചാറ്റ്ബോട്ട് സേവനം ആരംഭിച്ച് കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് (കെ.എസ്.ഇ.ബി). ഇലക്ട്ര എന്ന് പേരിട്ടിരിക്കുന്ന ചാറ്റ്ബോട്ടിന്റെ സേവനമാണ് കെ.എസ്.ഇ.ബി അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ ഉപഭോക്താക്കൾക്ക് ഉണ്ടാകുന്ന പരാതികൾ ബോധ്യപ്പെടുത്താം എന്നാണ് കെ.എസ്.ഇ.ബി അറിയിച്ചിരിക്കുന്നത്. വാതിൽപ്പടി സേവനങ്ങൾക്കും ഇലക്ട്രയുടെ സഹായം തേടമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.

9496001912 എന്നതാണ് ഇലക്ട്ര ചാറ്റ്ബോട്ടിന്റെ വാട്സ്ആപ്പ് നമ്പര്‍. കെ.എസ്.ഇ.ബിയുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജ് വഴിയാണ് ഇക്കാര്യം ഇവർ പുറത്ത് വിട്ടത്. ഇതിന് പുറമെ കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസിലും 1912 എന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ ഫ്രീ കസ്റ്റര്‍ കെയര്‍ നമ്പറിലും ഉപഭോക്താക്കൾക്ക് വിളിച്ച് വൈദ്യുതി സംബന്ധമായ പരാതികള്‍ അറിയിക്കവുന്നത്. കെ.എസ്.ഇ.ബി ഇ മെയിൽ വഴിയും പരാതികൾ നൽകാം. cccepaysupport@ksebnet.com എന്ന വിലാസത്തിലാണ് അയക്കേണ്ടത്.

നേരത്തെ വൈദ്യുതി സംബന്ധമായ പരാതികൾ അറിയിക്കാൻ കെ.എസ്.ഇ.ബി ഓഫീസിനെ ആശ്രയിക്കുകയായിരുന്നു പതിവ്. പലപ്പോഴും ഇവിടങ്ങളിൽ ഫോൺ എടുക്കാറില്ലെന്നുള്ള പരാതിയുയർന്നിരുന്നു. പുതിയ ചാറ്റ്ബോട്ട് അവതരിപ്പിച്ചതോടെ ഈ പ്രശ്നത്തിന് പരിഹാരം ആയിരിക്കുകയാണ്. നിങ്ങൾ അയക്കുന്ന സന്ദേശങ്ങൾക്ക് ഉടനടി തന്നെ ചാറ്റ്ബോട്ടിൽ നിന്ന് മറുപടി ലഭിക്കും. ട്രാൻസ്ഫോർമറുകളുടെ തകരാർ, വൈദ്യുതി നഷ്ടപ്പെടുക, വൈദ്യുതി ലൈനുകളുമായി ബന്ധപ്പെട്ട പ്രശ്നം, വൈദ്യുതി ബില്ലിന്റെ പ്രശ്നങ്ങൾ, ഇലക്ട്രിക് പോസ്റ്റിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ, വൈദ്യുതി മോഷണം, തുടങ്ങി വൈദ്യുതിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങൾക്കും ഇതിലൂടെ പരാതി അറിയിക്കാവുന്നതാണ്. 

Tags:    
News Summary - KSEB with WhatsApp Chatbot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.