തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് വലിയൊരളവിൽ പരിഹാരമാകുമായിരുന്ന ഗാർഹിക സോളാർ വൈദ്യുതോൽപാദനത്തോട് മുഖംതിരിക്കുന്ന കെ.എസ്.ഇ.ബി നിലപാടിൽ പ്രതിഷേധം ശക്തം. സോളർ പദ്ധതികൾ വ്യാപിപ്പിക്കുന്നതിനു പകരം തുരങ്കംവെക്കുന്ന സമീപനമാണ് കെ.എസ്.ഇ.ബി സ്വീകരിക്കുന്നതെന്ന് ഉൽപാദകർ കുറ്റപ്പെടുത്തുന്നു.
ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന റിന്യൂവബിൾ എനർജി ആൻഡ് നെറ്റ് മീറ്ററിങ് (രണ്ടാം ഭേദഗതി) കരടിലുള്ള രണ്ടാം പൊതുതെളിവെടുപ്പിൽ ആശങ്കകൾ അറിയിക്കാനുള്ള തയാറെടുപ്പിലാണ് ഗാർഹിക സൗരോർജ ഉൽപാദകർ.
ഇതുമായി ബന്ധപ്പെട്ട് നേരത്തേ നടന്ന പൊതുതെളിവെടുപ്പിൽ കെ.എസ്.ഇ.ബി സ്വീകരിക്കുന്ന ‘സോളർ വിരുദ്ധ’ സമീനപത്തെ ഉൽപാദകർ രൂക്ഷമായി വിമർശിച്ചിരുന്നു. പുരപ്പുര സോളർ പദ്ധതിയുടെ ഭാഗമായി ഉൽപാദിപ്പിച്ച് നൽകുന്ന വൈദ്യുതി തുച്ഛമായ വിലയ്ക്ക് കെ.എസ്.ഇ.ബി വാങ്ങുകയും ഉൽപാദന നികുതി വർധനയടക്കം കൂടുതൽ ബാധ്യതകൾ അടിച്ചേൽപ്പിക്കുകയും ചെയ്യുന്നതിലുള്ള പ്രതിഷേധം തെളിവെടുപ്പിൽ അറിയിക്കാനുള്ള തീരുമാനത്തിലാണ് സോളർ വൈദ്യുതോൽപാദകരുടെ കൂട്ടായ്മകൾ.
സോളാർ വൈദ്യുതി ഉൽപാദകർക്ക് ഗ്രോസ് മീറ്ററിങ് ഏർപ്പെടുത്തുന്നതിനെതിരെയും ഉൽപാദിപ്പിക്കുന്ന വൈദ്യുതിക്ക് ഡ്യൂട്ടി വർധിപ്പിക്കുന്നതിനെതിരെയും നിരവധി പേർ കമീഷനെ അഭിപ്രായം അറിയിച്ചിട്ടുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ഒരു നിർദേശവും കരട് ചട്ടങ്ങളിലും പൊതുതെളിവെടുപ്പിന്റെ പരിഗണനയിലും ഇല്ലെന്നാണ് റെഗുലേറ്ററി കമീഷൻ അറിയിച്ചത്.
പുതുതായി സോളാർ സ്ഥാപിക്കാനുള്ള അപേക്ഷകൾ പരിഗണിക്കുന്നതിലും മീറ്ററുകൾ നൽകുന്നതിലും കെ.എസ്.ഇ.ബി കാട്ടുന്ന അനാസ്ഥയും റെഗുലേറ്ററി കമീഷെൻറ ശ്രദ്ധയിൽകൊണ്ടുവരാനാണ് തീരുമാനം. ഒരോ ട്രാൻസ്ഫോർമർ ശേഷിയുടെയും 75 ശതമാനം മാത്രമേ സോളർ പദ്ധതികൾ അനുവദിക്കാവൂവെന്ന നിയമവും പുതിയ പ്ലാന്റുകൾ സ്ഥാപിക്കാൻ തടസ്സമാണ്. ഈ നിബന്ധന 90 ശതമാനമാക്കണമെന്നതടക്കമുള്ള ആവശ്യങ്ങളും തെളിവെടുപ്പിൽ ഉന്നയിക്കപ്പെടും.
കോർട്ട് ഹാളിൽ നടക്കാറുള്ള തെളിവെടുപ്പ് കൂടുതൽ പേർ എത്താനിടയുണ്ടെന്ന കണക്കുകൂട്ടലിൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഓഫ് എൻജിനീയേഴ്സ് ഹാളിലേക്ക് മാറ്റിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.