തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ അന്വേഷണം മുഖ്യമന്ത്രിയുടെ ഒാഫിസിലേക്ക് കേന്ദ്രീകരിക്കാനുള്ള നീക്കത്തിൽ കേന്ദ്ര ഏജൻസികൾ. കെ.എസ്.എഫ്.ഇ ഉൾപ്പെടെ ധനകാര്യ സ്ഥാപനങ്ങളുടെ ഇടപാടുകളും നിരീക്ഷണത്തിൽ. സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സരിത് എന്നിവരുടെ രഹസ്യമൊഴി ഉൾപ്പെടെ രേഖപ്പെടുത്തിയതിെൻറ അടിസ്ഥാനത്തിലാണ് കസ്റ്റംസും ഇ.ഡിയും മുഖ്യമന്ത്രിയുടെ ഒാഫിസിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നത്.
ഇൗ മൊഴികളിൽ ഉന്നത വ്യക്തികളെക്കുറിച്ച് പരാമർശമുണ്ട്. ശിവശങ്കറിന് പുറമെ മുഖ്യമന്ത്രിയുടെ ഒാഫിസിലെ പല ഉന്നതർക്കും ഇൗ ഇടപാടുകൾ അറിയാമായിരുന്നെന്ന സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വീണ്ടും കസ്റ്റംസ് അന്വേഷണം മുഖ്യമന്ത്രിയുടെ ഒാഫിസിലേക്ക് നീങ്ങുന്നത്. മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെയും മറ്റൊരു ഉദ്യോഗസ്ഥനെയും ചോദ്യം ചെയ്യുമെന്നാണ് വിവരം. ഇതിന് പുറമെ മറ്റ് ചില ഉന്നതരുടെ പേരുകൾകൂടി അന്വേഷണസംഘങ്ങളുടെ പക്കലുണ്ട്. ഇവരുടെ സ്വത്ത് സംബന്ധിച്ച രഹസ്യാന്വേഷണവും പുരോഗമിക്കുന്നു. സംസ്ഥാനത്തെ െഎ.ടി പദ്ധതികളുമായി ബന്ധപ്പെട്ടും കമീഷൻ ഇടപാടുകൾ നടന്നെന്ന് തന്നെയാണ് ഏജൻസികളുടെ വിലയിരുത്തൽ.
അതിനിടെ, കെ.എസ്.എഫ്.ഇ ഉൾപ്പെടെ ധനവകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങൾ വഴിയും ചില സഹകരണ ധനകാര്യ സ്ഥാപനങ്ങൾ വഴിയും കള്ളപ്പണം വെളിപ്പിക്കുന്നുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇൗ സ്ഥാപനങ്ങളും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിെൻറ നിരീക്ഷണത്തിലാണ്. സ്വർണക്കടത്ത് കേസ് പ്രതികളിൽ ചിലർക്ക് ഇത്തരം സ്ഥാപനങ്ങളിൽ നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയിരുന്നു. സംസ്ഥാന വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ഇൗ സംശയം ബലപ്പെട്ട പശ്ചാത്തലത്തിലാണ് കേന്ദ്ര ഏജൻസിയും അന്വേഷണത്തിന് ഒരുങ്ങുന്നത്. അതിനിടെ സംസ്ഥാന സർക്കാറിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നതിനായി കെ.എസ്.എഫ്.ഇ ഉൾപ്പെടെ ധനകാര്യ സ്ഥാപനങ്ങളിലെ ഇടപാടുകൾ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്ന ആവശ്യവും ശക്തമാണ്. ഇതിനായി ബി.ജെ.പിയിൽനിന്നുള്ള ശ്രമങ്ങളും ആരംഭിച്ചതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.