തിരുവനന്തപുരം: വ്യാജരേഖകൾ ചമച്ച് കെ.എസ്.എഫ്.ഇയിൽ ഹാജരാക്കി പണം തട്ടുന്ന സംഘത്തിലെ പ്രധാനി പിടിയിലായി. കുടപ്പനക്കുന്ന് രവിനഗറിൽ സി-92ൽ താമസിക്കുന്ന കാർത്തികേയ(56)നെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.
കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനുകീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ കൗൺസിൽ ഫോർ കൾചറൽ റിലേഷൻസ് എന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായിരുന്ന കാർത്തികേയൻ ഈ സ്ഥാപനത്തിലെ ജീവനക്കാരൻ എന്ന വ്യാജേന പത്തോളം പേരുടെ പേരിൽ വ്യാജ ശമ്പള സർട്ടിഫിക്കറ്റുകളും വ്യാജ ഐ.ഡി കാർഡുകളും നിർമിച്ച് കെ.എസ്.എഫ്.ഇയുടെ ബ്രാഞ്ചുകളിൽ ഹാജരാക്കി ചിട്ടികളും ലോണുകളും എടുത്ത് കെ.എസ്.എഫ്.ഇയെ കബളിപ്പിക്കുകയായിരുന്നു.
പത്തോളം പേരടങ്ങുന്ന സംഘത്തിലെ പ്രധാനിയായിരുന്നു കാർത്തികേയൻ. കെ.എസ്.എഫ്.ഇയുടെ ശാസ്തമംഗലം, വഴുതക്കാട് ശാഖകളിൽ നിന്നാണ് പ്രതികൾ പണം തട്ടിയത്.
പരാതി ലഭിച്ചതിനെ തുടർന്ന് തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണർ ഡോ. ദിവ്യ വി. ഗോപിനാഥിെൻറ നിർദേശാനുസരണം മ്യൂസിയം എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേകസംഘം അന്വേഷണം ആരംഭിക്കുകയായിരുന്നു.
മ്യൂസിയം എസ്.എച്ച്.ഒ രവീന്ദ്രകുമാർ, എസ്.ഐമാരായ ശ്യാംരാജ് ജെ നായർ, നജീബ്, ജയശങ്കർ, എ.എസ്.ഐ സന്തോഷ്, സി.പി.ഒ അരുൺ കുമാർ എന്നിവരടങ്ങുന്ന പ്രത്യേകസംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.