കാഞ്ഞങ്ങാട്: സ്കൂൾ ബസ്സിന് പിന്നിൽ കെ.എസ്.ആർ.ടി.സി ബസ്സിടിച്ച് അഞ്ച് വിദ്യാർഥികൾക്കും അധ്യാപികക്കും പരിക്കേറ്റു. വ്യാഴാഴ്ച വൈകീട്ട് 3 .30ഓടെ പൊയിനാച്ചി പെട്രോൾ പമ്പിന് സമീപം മൈലാട്ടിയിലാണ് അപകടം. തച്ചങ്ങാട് ഭാഗത്തുനിന്നും പെരിയ ഭാഗത്തേക്ക് പോകുകയായിരുന്ന ചട്ടഞ്ചാൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ബസിനുപിന്നിൽ ഇതേ ദിശയിൽനിന്നും വന്ന കെ.എസ്.ആർ.ടി.സി ബസ്സാണ് ഇടിച്ചത്. പിന്നിലിടിച്ചതിനെ തുടർന്ന് മുന്നോട്ടു നീങ്ങിയ സ്കൂൾ ബസ് തൊട്ടുമുന്നിൽ ഉണ്ടായിരുന്ന ഓട്ടോറിക്ഷക്ക് ഇടിക്കുകയും ചെയ്തു. സ്കൂൾ ബസിൽ 25ഓളം വിദ്യാർഥികൾ ഉണ്ടായിരുന്നു. പരീക്ഷ കഴിഞ്ഞ് കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. പരീക്ഷ ആയതിനാൽ ബസിൽ കുട്ടികൾ കുറവായിരുന്നു.
പിറകുവശത്തെ സീറ്റുകളിൽ കുട്ടികളില്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. ആരുടെയും പരിക്ക് ഗുരുതരമല്ല. മൈലാട്ടിയിലെ ദർശന ചന്ദ്രൻ (13), പനയാലിലെ കെ. ദേവാംഗ് (13), പനയാലിലെ പി.എ. അൽ അമീൻ (13), കുണിയയിലെ ഫിദ ഷെറിൻ (14), അധ്യാപിക കുണിയയിലെ മറിയംബി (32) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറുടെ പേരിൽ മേൽപറമ്പ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.