അടൂർ: കണ്ടക്ടർ ഇല്ലാതെ യാത്രക്കാരുമായി കെ.എസ്.ആർ.ടി.സി ബസ് രണ്ട് കിലോമീറ്റർ ഓടി. കണ്ടക്ടർ ഇല്ലായിരുന്നുവെങ്കിലും ഡബ്ൾ ബെല്ലും സിംഗിൾ ബെല്ലും മുഴങ്ങി. യാത്രക്കാർ ഇറങ്ങുകയും കയറുകയും ചെയ്തു. ഇത് ശ്രദ്ധിച്ച ഒരു യാത്രക്കാരൻ അറിയിച്ചതിനെ തുടർന്നാണ് കണ്ടക്ടർ ഇല്ലെന്ന വിവരം ഡ്രൈവർ അറിഞ്ഞത്. എന്നാൽ, ബെല്ലടിച്ചത് ആരെന്നത് ദുരൂഹമായി തുടരുന്നു.
ചൊവ്വാഴ്ച രാവിലെ അടുരിലാണ് സംഭവം. പുനലൂരിൽ നിന്ന് കായംകുളത്തേക്കുള്ള ആർ.എ.സി 338 നമ്പർ വേണാട് ഓർഡിനറി ബസാണ് കണ്ടക്ടർ ഇല്ലാതെ പുറപ്പെട്ടത്. രാവിലെ ഏഴിന് അടൂർ ബസ്സ് സ്റ്റാന്റിൽ എത്തിയപ്പോൾ കണ്ടക്ടർ പുറത്തിറങ്ങി.പത്ത് മിനിറ്റിനു ശേഷം ഡ്രൈവർ ബസ് വീണ്ടും സ്റ്റാർട്ട് ചെയ്തു. ഡബിൾബെല്ല് മുഴങ്ങി.
കണ്ടക്ടർ ഇല്ലെന്ന വിവരം ഡ്രൈവർ അറിഞ്ഞതിനെ തുടർന്ന് ബസ് പാതയോരത്തേക്ക് ഒതുക്കിയിട്ടപ്പോഴേക്കും കണ്ടക്ടർ പിന്നാലെ ഓട്ടോറിക്ഷയിൽ എത്തി. താൻ ഓഫിസിൽ നിന്നിറങ്ങി വന്നപ്പോൾ ബസ് കണ്ടില്ലെന്നും സ്റ്റാന്റിൽ നിന്നവരോട് ചോദിച്ചപ്പോൾ ബസ് പോയെന്നു പറഞ്ഞതായും കണ്ടക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.