തിരൂരങ്ങാടി: ദേശീയപാത തലപ്പാറയിൽ കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസ് പാടത്തേക്ക് മറിഞ്ഞ് 32 പേർക്ക് പരിക്ക്. ഞായറാഴ്ച രാത്രി 10.45ഓടെയാണ് സംഭവം. സാരമായി പരിക്കേറ്റ ആറ് പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബാക്കിയുള്ളവർ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
പരിക്കേറ്റവരിൽ എട്ട് സ്ത്രീകളും രണ്ട് കുട്ടികളുമുണ്ട്. ഡ്രൈവർ അനീഷ്, കണ്ടക്ടർ സുൽഫിക്കർ എന്നിവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുന്നേരം 7.30ന് തൊട്ടിൽപ്പാലത്തുനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്. പിൻഭാഗത്തെ ഗ്ലാസ് തകർത്താണ് യാത്രക്കാരെ പുറത്തെടുത്തത്.
അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാരും ആംബുലൻസ് ഡ്രൈവർമാരും സന്നദ്ധപ്രവർത്തകരും ഏറെ പണിപ്പെട്ടാണ് ആളുകളെ ബസിൽനിന്ന് പുറത്തിറക്കിയത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. തലപ്പാറയിൽ ദേശീയപാതയുടെ നിർമാണം അതിവേഗം പുരോഗമിക്കുന്നുണ്ടെങ്കിലും വളവും തിരിവുമുള്ള റോഡിൽ അപകടം പതിവാണ്.
സൂചന ബോർഡുകളും മതിയായ വെളിച്ചവുമില്ലാത്തതിനാൽ റോഡിന്റെ ഘടന തിരിച്ചറിയാൻ കഴിയാതിരുന്നതാണ് അപകട കാരണമെന്ന് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.