മര്‍കസ് നോളജ് സിറ്റിയിലേക്ക് കെ.എസ്.ആര്‍.ടി.സി സർവിസ്; നാളെ മന്ത്രി ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരുടെ കീഴിലുള്ള കൈതപൊയിൽ മര്‍കസ് നോളജ് സിറ്റിയിലേക്ക് കെ.എസ്.ആര്‍.ടി.സിയുടെ കോഴിക്കോട് ടെര്‍മിനലില്‍ നിന്നും ബസ് സര്‍വിസ് ആരംഭിക്കുന്നു. സർവിസ് ഉദ്ഘാടനം വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലില്‍ ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജു നിര്‍വഹിക്കും.

രാവിലെയും വൈകീട്ടും കോഴിക്കോട് നിന്ന് മർകസ് നോളജ് സിറ്റിയിലേക്കും തിരിച്ചും നാല് ട്രിപ്പുകളാണ് നടത്തുക. രാവിലെ എട്ടുമണിക്കും വൈകീട്ട് മൂന്നുമണിക്കുമാണ് കോഴിക്കോട് നിന്ന് മർകസ് നോളജ് സിറ്റിയിലേക്കുള്ള ബസ് പുറപ്പെടുക. രാവിലെ 9.45നും ​വൈകീട്ട് അഞ്ചുമണിക്കും തിരികെ കോഴിക്കോട്ടേക്ക് ബസ് പുറപ്പെടും.

നോളജ് സിറ്റി ഉദ്ഘാടനം ഒക്ടോബർ അവസാനം

നോളജ് സിറ്റിയുടെ ഔപചാരിക ഉദ്ഘാടനം ഒക്ടോബർ അവസാനം നടക്കും. വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, കാർഷികം, താമസം തുടങ്ങിയ മേഖലകളിൽ നിരവധി പദ്ധതികളാണ് മർകസ് നോളജ് സിറ്റിയിൽ ഒരുങ്ങുന്നത്. 125 ഏക്കറിൽ ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്.

മെഡിക്കൽ കോളജ്, ലോ കോളജ്, ബിസിനസ് സ്കൂൾ, റിസർച്ച് സെന്റർ, ലൈബ്രറി, ഫോക് ലോർ സ്റ്റഡി സെന്റർ, മീഡിയ ആൻഡ് പബ്ലിഷിങ് ഹൗസ്, ജൈവ കേന്ദ്രം, കൾച്ചറൽ സെന്റർ, ഇന്റർനാഷണൽ സ്കൂൾ, ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്, ഡിജിറ്റൽ എജുക്കേഷൻ സെന്റർ, അഡ്വാൻസ്ഡ് സ്റ്റഡി സെന്റർ, സ്പെഷ്യൽ നീഡ് സ്കൂൾ, ടെക്നോളജി ഡെവലപ്മെന്റ് സെന്റർ, ഹോസ്പിറ്റൽ, ബിസിനസ് സെന്റർ, വെൽനസ് സെന്റർ, ലൈഫ് സ്കിൽ സെന്റർ, അപാർട്ട്മെന്റുകൾ, സ്റ്റാർ ഹോട്ടൽ, കൺവെൻഷൻ സെന്റർ എന്നീ പദ്ധതികളാണ് ആദ്യ ഘട്ടത്തിൽ ആരംഭിച്ചിരിക്കുന്നത്.

ഉദ്ഘാടനത്തോട് അനുബന്ധിച്ച് ദേശീയ, അന്തർദേശീയ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന വിവിധ പരിപാടികൾ നടക്കും. പരിപാടികളുടെ നടത്തിപ്പിന് മുഹമ്മദ് തുറാബ് സഖാഫി ജനറൽ കമ്മറ്റി ചെയർമാനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചിട്ടുണ്ട്. 

Tags:    
News Summary - KSRTC bus service to Markaz Knowledge City

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.