കെ.എസ്.ആര്‍.ടി.സി കടുത്ത പ്രതിസന്ധിയില്‍

കോട്ടയം: ശമ്പളവും പെന്‍ഷനും നല്‍കാന്‍ പണമില്ലാതെ കെ.എസ്.ആര്‍.ടി.സി കടുത്ത പ്രതിസന്ധിയില്‍. ഈമാസം ശമ്പളം കൃത്യസമയത്ത് നല്‍കാനാവില്ളെന്നും വായ്പക്കായി ഫെഡറല്‍ ബാങ്കിനെ സമീപിച്ചിട്ടുണ്ടെന്നും എന്നാല്‍, പണം എപ്പോള്‍ ലഭിക്കുമെന്ന് പറയാനാവില്ളെന്നും കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ എം.ജി. രാജമാണിക്യം വിവിധ വകുപ്പ് മേധാവികളെ അറിയിച്ചു.

ശമ്പളത്തിനായി 50 കോടിയുടെ വായ്പക്കായി ഫെഡറല്‍ ബാങ്കിനെ സമീപിച്ചെങ്കിലും ഉന്നതതലത്തില്‍ തീരുമാനം എടുക്കേണ്ടതിനാല്‍ താമസം ഉണ്ടാകുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചതോടെയാണ് ശമ്പളം വൈകുമെന്ന് സി.എം.ഡി ഒൗദ്യോഗിക അറിയിപ്പ് നല്‍കിയത്. നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് പ്രതിദിന വരുമാനത്തില്‍ 50-60 ലക്ഷത്തിന്‍െറ വരെ കുറവുണ്ടായതിനാല്‍ രണ്ടാഴ്ചകൊണ്ട് 12 കോടിയോളം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നും കെ.എസ്.ആര്‍.ടി.സി അധികൃതര്‍ വ്യക്തമാക്കുന്നു. ഇടതുമുന്നണി ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താലില്‍ 4.50 കോടിയും യു.ഡി.എഫിന്‍െറ തൃശൂര്‍ ഹര്‍ത്താലില്‍ രണ്ടുകോടിയും നഷ്ടപ്പെട്ടു.

ശമ്പളത്തിന് പുറമെ പെന്‍ഷനും എണ്ണക്കമ്പനികള്‍ക്കുള്ള കുടിശ്ശികയും കണ്ടത്തെണം. അതിനാല്‍ ജീവനക്കാര്‍ സഹകരിക്കണമെന്നാണ് സി.എം.ഡിയുടെ ആവശ്യം. എണ്ണക്കമ്പനികളുടെ കുടിശ്ശിക 100 കോടിക്ക് മുകളിലാണ്. കോര്‍പറേഷന്‍െറ സ്ഥാവര-ജംഗമസ്വത്തുക്കളെല്ലാം ഏതാണ്ട് പണയത്തിലാണ്. 63 ഡിപ്പോകള്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് പണയപ്പെടുത്തി. ശേഷിക്കുന്ന ഡിപ്പോകളുടെ രേഖകള്‍ക്ക് വ്യക്തതയില്ല. ചിലത് പാട്ടഭൂമിയിലുമാണ്. അതിനാല്‍ നിലവിലെ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്ന് തന്നെ പണം ലഭ്യമാക്കാനാണ് കെ.എസ്.ആര്‍.ടി.സിയുടെ ശ്രമം.

ശമ്പളം വൈകുന്നതില്‍ ജീവനക്കാരും അതൃപ്തിയിലാണ്. മുമ്പത്തെ സമരത്തിന്‍െറ പശ്ചാത്തലത്തില്‍ മാനേജ്മെന്‍റിനും ആശങ്കയുണ്ട്. ശബരിമല തീര്‍ഥാടനത്തിന്‍െറ സ്പെഷല്‍ സര്‍വിസുകള്‍ നടക്കുന്നതിനാല്‍ ആശങ്ക ഇരട്ടിപ്പിക്കുന്നു. ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചാല്‍ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തും മാനേജ്മെന്‍റ് തള്ളുന്നില്ല. പെന്‍ഷന്‍കാര്‍ അടുത്തയാഴ്ച സമരത്തിനിറങ്ങും. അതിനാല്‍ എത്രയുംവേഗം വായ്പ ലഭ്യമാക്കാനുള്ള നെട്ടോട്ടത്തിലാണ് സി.എം.ഡി. എണ്ണക്കമ്പനികളുടെ കുടിശ്ശികക്ക് പുറമെ ടയര്‍-സ്പെയര്‍പാര്‍ട്സ് ക്ഷാമവും രൂക്ഷമാണ്. ഇതിനായി കോടികള്‍ വേണ്ടിവരും.

 

Tags:    
News Summary - ksrtc crysis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.