മാനന്തവാടി: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്നതിനിടെ കെ.എസ്.ആർ.ടി.സിയിൽ ധൂർത്ത്. പെയിന്റടിക്കാനായി ബസുകൾ കൂട്ടത്തോടെ ചുരമിറക്കി. മാനന്തവാടി ഡിപ്പോയിൽനിന്ന് എട്ടു ബസുകളാണ് പാലക്കാട് ഡിപ്പോയിൽ എത്തിച്ചത്.
മാനന്തവാടിയിൽ ആറു പെയിന്റർമാർ ഉണ്ടായിരിക്കെയാണ് ബസുകൾ ചുരമിറക്കിയത്. കെ.എസ്.ആർ.ടി.സി ആസ്ഥാനത്തുനിന്നുള്ള നിർദേശപ്രകാരമാണ് ബസുകൾ പാലക്കാട്ടേക്ക് കൊണ്ടുപോയതെന്നാണ് ഡിപ്പോ അധികൃതർ നൽകുന്ന വിശദീകരണം.
മാനന്തവാടിയിൽനിന്ന് ബസുമായി പാലക്കാട്ടെത്തുന്ന ഡ്രൈവർ പിറ്റേദിവസം ലൈൻ ബസിൽ വേണം യാത്ര ചെയ്യാൻ. രണ്ടു ദിവസത്തെ ഡ്യൂട്ടി ചെയ്യേണ്ടിവരും. പെയിന്റിങ് പൂർത്തിയാക്കിയ ബസുകൾ തിരികെ കൊണ്ടുവരാനും ഇതേ രീതിയിൽ ഡ്യൂട്ടി നൽകേണ്ടിവരും. 460 കി.മീ. ഓടിയാണ് ബസുകൾ തിരികെ മാനന്തവാടിയിലെത്തുക. എണ്ണച്ചെലവുകൂടി കൂട്ടിയാൽ നഷ്ടം കൂടും. കൽപറ്റയിലും ബത്തേരിയിലും ബസിന് പെയിന്റടിക്കാൻ ആളുകൾ ഉണ്ടെന്നിരിക്കെയാണ് ഇത്രയും ദൂരത്തേക്ക് ബസുകൾ കൊണ്ടുപോകാൻ നിർദേശം നൽകിയത്. ബസുകൾ കൂട്ടത്തോടെ സർവിസ് മുടക്കിയതോടെ ഗ്രാമീണ മേഖലയിലടക്കം യാത്രാക്ലേശം രൂക്ഷമായിരിക്കുകയാണ്. ഡിസംബർ, ജനുവരി മാസങ്ങളിലാണ് മാനന്തവാടി ഡിപ്പോയിലെ ബസുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എടുക്കേണ്ടിവരുന്നത്. എഴുപതിലധികം ബസുകൾക്കാണ് ഫിറ്റ്നസ് എടുക്കേണ്ടത്. മാനന്തവാടിയിൽ മാത്രമാണ് ഇങ്ങനെ ഒന്നിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എടുക്കേണ്ടിവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.