പാലക്കാട്: കെ.എസ്.ആർ.ടി.സി ജീവനക്കാരിൽനിന്ന് ഇൻഷുറൻസ് ഇനത്തിൽ പിടിച്ചെടുത്ത തുക അടച്ചില്ലെന്ന് വിവരാവകാശരേഖ. സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസിനും ജനറൽ ഇൻഷുറൻസ് സ്കീമിനുമായി പിടിച്ച തുകയാണ് അടക്കാത്തത്. 2022 ജനുവരി മുതൽ 2024 ഫെബ്രുവരി വരെ പിടിച്ച 53.38 കോടിയിൽ 5.38 കോടി മാത്രമാണ് അടച്ചത്. വയനാട്ടെ പി.എസ്. അജിത്ത്ലാൽ നൽകിയ വിവരാവകാശ അപേക്ഷക്കുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇൻഷുറൻസ് തുക മാത്രമല്ല തൊഴിലാളികളിൽനിന്ന് പിടിക്കുന്ന ഒന്നും കൃത്യമായി അടക്കുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു. നാഷനൽ പെൻഷൻ സ്കീമിൽ (എൻ.പി.എസ്) പിടിക്കുന്ന തുക, ശമ്പളത്തിൽനിന്ന് നേരിട്ട് ഈടാക്കുന്ന വായ്പതുക തുടങ്ങിയവയൊന്നും കൃത്യമായി അടക്കുന്നില്ല. ലോണടവിലുള്ള കാലതാമസം പലപ്പോഴും പിഴപ്പലിശയിലേക്കും അതിലൂടെ ക്രെഡിറ്റ് സ്കോർ കുറയാനും കാരണമാകുന്നതായി തൊഴിലാളികൾ പരാതിപ്പെടുന്നു. എൻ.പി.എസിൽ തൊഴിലാളിയുടെയും സർക്കാറിന്റേതുമായി 400 കോടിയോളം രൂപ അടക്കാനുള്ളതായി തൊഴിലാളികൾ പറഞ്ഞു. എൻ.പി.എസ് ഓഹരിവിപണിയുമായി ബന്ധപ്പെടുത്തിയതിനാൽ അതിലേക്ക് അടക്കുന്നതിൽ വീഴ്ചയുണ്ടായാൽ വിരമിക്കുന്ന തൊഴിലാളികൾക്ക് വൻ സാമ്പത്തിക നഷ്ടമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.